ഐ.എസ് ഗുലാത്തിയുടെ ഭാര്യയ്ക്ക് സഹായവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: 1957ലെ ഇ.എം.എസ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും 1996ലെ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. ഐ.എസ് ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്റെ ഭാഗമായി തകര്‍ന്ന വിഷയത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ ഇന്നലെ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്കു കൈമാറും. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്നലെ ധനകാര്യ മന്ത്രി തോമസ് ഐസക് സ്ഥലം സന്ദര്‍ശിച്ച് ഗുലാത്തിയുടെ ഭാര്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അധ്യാപകനാകാനുള്ള ഡോ. കെ.എന്‍ രാജിന്റെ ക്ഷണമനുസരിച്ച് 70കളില്‍ കേരളത്തില്‍ ഡോ. ഗുലാത്തി എത്തിയപ്പോള്‍ ലാറി ബേക്കര്‍ കുന്നിന്‍ മുകളില്‍ നിര്‍മിച്ചതാണ് ഈ വീട്. നിയമങ്ങളെല്ലാം ലംഘിച്ചു നടത്തിയ കുന്നിടിച്ചിലാണ് വീട് തകരാന്‍ കാരണം. വീടു ഇടിഞ്ഞതു കാരണം ഡോ. ഗുലാത്തിയുടെ ഭാര്യ ലീല ഗുലാത്തി ആറു മാസമായി വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലായിരുന്നു താമസം.
തിരുവനന്തപുരത്ത് കുമാരപുരത്ത് വാലി വ്യൂ ഗാര്‍ഡന്‍സ് ഡെവലപ്പേഴ്‌സ് 2012ല്‍ കുന്നിടിച്ച് തറ നിരപ്പാക്കാനിറങ്ങിയതോടെയാണ് ലീലാ ഗുലാത്തിയുടെ കഷ്ടകാലമാരംഭിച്ചത്. മാനേജര്‍ ബാലു സ്വാമിക്കായിരുന്നു കുന്നിടിക്കാനുള്ള ചുമതല. ഗുലാത്തിയുടെ വീടിന്റെ അടിഭാഗം ചേര്‍ന്ന് കുന്നിടിച്ചു നിരപ്പാക്കുകയായിരുന്നു. തുടര്‍ന്ന് തറനിരപ്പില്‍ നിന്നും വീട് ഏകദേശം 35 അടിയോളം പൊക്കത്തിലായി. അതോടെ 2013ല്‍ വീടിന്റെ പൂമുഖവും മേല്‍ക്കൂരയും നിലംപൊത്തുകയായിരുന്നു. അന്നു മുതലുള്ള ലീലാ ഗുലാത്തിയുടെ നീതിതേടിയുള്ള യാത്രയ്ക്കാണ് ഇപ്പോള്‍ പരിഹാരമായത്. ഈ വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഭൂമിയുടെ ഉടമസ്ഥര്‍ ഹരി നായരെന്ന റിട്ടയേഡ് പൊലിസ് ഉദ്യോഗസ്ഥനും ക്യു.ആര്‍.എസിന്റെ അഭിമന്യു ഗണേശുമാണെന്ന് ലീലാ ഗുലാത്തി പറയുന്നു. വീടു തകര്‍ന്നപ്പോള്‍ ഏതാണ്ട് 51 അടി ഉയരത്തില്‍ ഒരു സംരക്ഷണഭിത്തി കെട്ടാന്‍ ഹരി നായര്‍ സന്നദ്ധനായെങ്കിലും അത് മഴയത്തു തകര്‍ന്നു. തുടര്‍ന്ന് ഭൂമി ഇതുവരെ തന്റെ പേരിലായിട്ടില്ലെന്ന ന്യായംപറഞ്ഞ് ക്യു.ആര്‍.എസ് ഉടമ കൈകഴുകി. താന്‍ ഭൂമി ഇടിച്ചതിനു ശേഷമാണ് ഈ വീടു നിര്‍മിച്ചതെന്നും രേഖകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ബാലു സ്വാമി പറഞ്ഞത്.
എന്നാല്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പില്‍ ഉള്‍പ്പെട്ട ഭൂമിയാണിതെന്നും ഇതുവരെ തന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ ഇനി പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും അഭിമന്യു ഗണേശ് ഇമെയില്‍ മുഖേനെ ലീലാ ഗുലാത്തിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ താന്‍ കുറ്റവാളിയല്ലെന്നും ഇരയാണെന്നും പറഞ്ഞുകൊണ്ടാണ് ഇമെയില്‍ അവസാനിപ്പിച്ചിരിക്കുന്നത്.
എസ് ബാലു, നന്ദിതാ ഭൂപതി എന്നീ എതിര്‍കക്ഷികള്‍ സ്വന്തം ചെലവില്‍ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കണമെന്നായിരുന്നു പരാതി പരിശോധിച്ച സബ് കലക്ടറുടെ ഉത്തരവ്. 2015 ജൂണ്‍ 20നു പുറപ്പെടുവിച്ച ഉത്തരവില്‍ മൂന്നു ദിവസത്തിനകം ഭിത്തി കെട്ടണമെന്നായിരുന്നു നിര്‍ദേശം. അതുപ്രകാരം പണി തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഭിത്തിനിര്‍മാണം നിലച്ചു. പിന്നെയും പരാതിയുമായി ലീലാ ഗുലാത്തി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. 30 ദിവസത്തിനകം സബ് കലക്ടറുടെ ഉത്തരവ് പ്രകാരം ഭിത്തി കെട്ടിയിരിക്കണമെന്ന് മജിസ്‌ട്രേറ്റും ഉത്തരവിട്ടു. ഭിത്തി കെട്ടാനുള്ള ചെലവ് ഭൂവുടമകളുടെ വസ്തു ജപ്തി ചെയ്ത് ഈടാക്കണമെന്ന് തഹസില്‍ദാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.
ഉത്തരവു നടപ്പാക്കാന്‍ തഹസില്‍ദാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ പൊലിസ് കമ്മിഷനര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. 2016 ജനുവരി 23നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഇതുവരെ സംരക്ഷണഭിത്തിയുടെ നിര്‍മാണം നടത്തിയിട്ടില്ല. വീടിന്റെ അപകടാവസ്ഥ കാരണം ഔട്ട്ട്ട്ഹൗസിലാണ് ലീലാ ഗുലാത്തി ഇപ്പോള്‍ താമസിക്കുന്നത്. ഔട്ട്ഹൗസും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇടതു സഹയാത്രികനുമായിരുന്ന ഐ.എസ് ഗുലാത്തിയുടെ വയോധികയായ ഭാര്യയ്ക്ക് ഈ ഗതിയില്‍ നിന്നും മോചനം ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."