വിശദ അന്വേഷണത്തിന് കലക്ടറുടെ ശുപാര്‍ശ
തിരുവനന്തപുരം: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയിലെ കേരളഘടകത്തിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ വിശദ അന്വേഷണം വേണമെന്ന് ശുപാര്‍ശ.
അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം, ഭരണസമിതി ലക്ഷങ്ങള്‍ അനധികൃതമായി പിന്‍വലിച്ചതായി കലക്ടര്‍ കണ്ടെത്തി. ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ഓഫിസ് മോടി പിടിപ്പിച്ചതായും സൊസൈറ്റി പണം സ്വന്തം ചിട്ടികള്‍ അടയ്ക്കാന്‍ വിനിയോഗിക്കുന്നതായും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റെഡ് ക്രോസ് ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍, മാനേജ്‌മെന്റ് കമ്മിറ്റിയിലെ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അനധികൃതമായി 28 ലക്ഷം രൂപ റെഡ് ക്രോസ് അക്കൗണ്ടില്‍നിന്ന് തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഭാരവാഹികളും ജീവനക്കാരും പിന്‍വലിച്ച തുക ഇതുവരെ ക്രമീകരിച്ചിട്ടില്ല. ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍,
ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍, വൈസ് ചെയര്‍മാന്‍ രജിത് രാജേന്ദ്രന്‍ തുടങ്ങിയവരാണ് 28 ലക്ഷം രൂപ പറ്റിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിലെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരം ചെയര്‍മാന്റെയും ജനറല്‍ സെക്രട്ടറിയുടേയും ഓഫിസ് 25 ലക്ഷം രൂപ മുടക്കി നവീകരിച്ചിരുന്നു. കേവലം മൂന്നു മുറികളാണ് സുതാര്യതയില്ലാത്ത നടപടികളിലൂടെ നവീകരിച്ചത്. സ്റ്റാമ്പ് വില്‍പ്പനയിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന സംഭാവനയാണ് ഇത്തരത്തില്‍ ധൂര്‍ത്തടിച്ചിരിക്കുന്നത്. 2014 ജൂണ്‍ 12ന് സംഭാവനയായി ലഭിച്ച 15 ലക്ഷം രൂപ വിലയുള്ള കാര്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഏഴുലക്ഷം രൂപയ്ക്ക് പേട്ട സ്വദേശിക്കു വില്‍പ്പന നടത്തി ഇന്നോവ പ്രീമിയം ബ്രാന്റ് വാങ്ങി. വില നിശ്ചയിക്കാനുള്ള നടപടികള്‍ പാലിക്കാതെയും ക്വട്ടേഷന്‍ വിളിക്കാതെയുമായിരുന്നു ഈ വില്‍പ്പന. ചെയര്‍മാന്റെ പേരിലുള്ള ആറു ചിട്ടികളുടെയും ഡ്രൈവറുടെയും സഹായിയുടേയും പേരിലുള്ള നാലു ചിട്ടികളുടെയും മാസതവണകള്‍ സൊസൈറ്റി അക്കൗണ്ടില്‍ നിന്നാണ് ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേന അടച്ചിരുന്നത്.
ക്രിസ്മസ് കേക്കുകളുടെ വില്‍പ്പനയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ ബന്ധുക്കള്‍ നിര്‍മിച്ചു നല്‍കിയതെന്ന് സംശയിക്കുന്ന കേക്കുകള്‍ക്കുള്ള 5.70 ലക്ഷം 'ഹോട്ട് കേക്ക്‌സ്' എന്ന സാങ്കല്‍പ്പിക കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. വിമാനയാത്രകള്‍ക്കും ഹോട്ടല്‍ ബില്‍ ഇനത്തില്‍ വന്‍ തുക ചെലവാക്കിയിട്ടുണ്ട്. ധനകാര്യ വിഭാഗം വിശദമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."