തിരുവനന്തപുരത്ത് എന്‍.എസ്.എസ് പിന്തുണ ശശി തരൂരിനെന്ന്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എന്‍.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനാണെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത്.
ഇതുസംബന്ധിച്ച് തിരുവനന്തപുരം എന്‍.എസ്.എസ് യൂനിയന്റെ ഉറപ്പ് തങ്ങള്‍ക്ക് ലഭിച്ചതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. പെരുന്നയില്‍നിന്ന് ഇതുസംബന്ധിച്ച നിര്‍ദേശം തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.എസ്.എസ് താലൂക്ക് യൂനിയനും കരയോഗങ്ങള്‍ക്കും വനിതാ സമാജങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റമുണ്ടായിരിക്കുന്നതെന്നാണ് പറയുന്നത്. ഇതോടെ തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമായി മാറുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനില്‍നിന്ന് കടുത്ത മത്സരമാണ് തരൂര്‍ നേരിടുന്നത്. ശക്തനായ സ്ഥാനാര്‍ഥിയായി എല്‍.ഡി.എഫിന്റെ സി.ദിവാകരനും മറ്റൊരുവശത്തുണ്ട്. ആരാണ് വിജയിക്കുകയെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത തരത്തിലുള്ള പോരാട്ടമാണ് തിരുവനന്തപുരത്തേത്. എന്നാല്‍ ഇതിനിടെ പുറത്തുവന്ന ഒന്നിലധികം സര്‍വേകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നുള്ള പ്രവചനവും ഉണ്ടായിരുന്നു. ഇതിനിടയിലാണ് എന്‍.എസ്.എസിന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ എന്‍.എസ്.എസിന്റെ വോട്ട് കുമ്മനത്തിന് ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് വിജയം സുനിശ്ചിതമാണെന്നുമാണ് അഭിപ്രായ സര്‍വേകളില്‍ മാത്രമല്ല ബി.ജെ.പിയുടെ കണക്കുകളിലും ഉണ്ടായിരുന്നത്.
പക്ഷേ പുതിയ വിവരം പുറത്തുവന്നത് ഈ കണക്കുകളെല്ലാം തകിടംമറിച്ചിരിക്കുകയാണ്. പല അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകളും ശശി തരൂരിനെക്കാള്‍ ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് കുമ്മനത്തിന് പറഞ്ഞിരിക്കുന്നത്. എന്‍.എസ്.എസിന്റെ പുതിയ തീരുമാനം ശശി തരൂരിന്റെ വിജയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതേസമയം വിജയം സുനിശ്ചിതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതു മുന്നണി സ്ഥാനാര്‍ഥിയായ സി.ദിവാകരന്‍. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുകയും അതിലൂടെ വിജയിക്കാനാകുമെന്നുമാണ് ഇടതുമുന്നണിയുടെയും പ്രതീക്ഷ.
എന്‍.എസ്.എസിന്റെ സമദൂര നിലപാടില്‍
മാറ്റമില്ല: ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള എന്‍.എസ്.എസിന്റെ അഭിപ്രായം തുറന്നു പറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂര നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതിന് യാതൊരു മാറ്റവുമില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.
എന്‍.എസ്.എസ് നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയിട്ടുള്ള പ്രസ്താവനയ്ക്ക് എന്‍.എസ്.എസ്. നേതൃത്വത്തിന് യാതൊരു പങ്കുമില്ലെന്ന കാര്യവും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."