തോട്ടം തൊഴിലാളികളുടെ വേതനവ്യവസ്ഥ പുതുക്കി നിശ്ചയിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
മേപ്പാടി: തോട്ടം തൊഴിലാളികളുടേയും മറ്റ് ജീവനക്കാരുടെയും നിലവിലുള്ള കൂലിയുടെ കാലാവധി 2017 ഡിസംബര്‍ 31ന് അവസാനിച്ചിട്ടും കൂലി പുതുക്കി നല്‍കാത്ത മാനേജ്‌മെന്റ് നിലപാടിനെതിരേ പ്രതിഷേധം ശക്തമാക്കി യൂനിയനുകള്‍. മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയ (ഐ.എന്‍.ടി.യു.സി)നും എ.ഐ.ടി.യു.സി യുമാണ് സമരത്തിനിറങ്ങുന്നത്.
2018 ജനുവരി ഒന്ന് മുതല്‍ പുതുക്കിയ കൂലി നല്‍കാതെ തോട്ടം ഉടമകള്‍ തൊഴിലാളികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. എട്ട് തവണ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചേര്‍ന്നെങ്കിലും ചര്‍ച്ചയില്‍ യതൊരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല. തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കി മുന്‍ കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കുക, പാര്‍പ്പിട പ്രശനങ്ങള്‍ക്ക് പരിഹാരം കാണുക, ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക, മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ മുഴുവന്‍ എസ്റ്റേറ്റ് ഓഫിസുകള്‍ക്ക് മുന്നിലും 25ന് ബുധനാഴ്ച മൂന്നിന് ധര്‍ണ നടത്തുമെന്ന് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.റ്റി.യു.സി) യോഗം തീരുമാനിച്ചു.
ബി. സുരേഷ് ബാബു അധ്യക്ഷനായി. പി.കെ അനില്‍കുമാര്‍, പി.പി ആലി, പി.കെ കുഞ്ഞുമൊയ്തീന്‍, കെ.വി പോക്കര്‍ഹാജി, ഒ. ഭാസ്‌കരന്‍, ഡി. യേശുദാസ്, ബാലന്‍ തൊവരിമല, ടി.എ റെജി, അബൂബക്കര്‍ അച്ചൂര്‍ സംസാരിച്ചു.
എന്നാല്‍ ഇതേ ആവശ്യങ്ങളുന്നയിച്ച് 23ന് തിങ്കളാഴ്ച്ച ലേബര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എ.ഐ.ടി.യു.സി ജില്ലാ നേതാക്കളായ പി.കെ മൂര്‍ത്തി, വിജയന്‍ ചെറുകര, എ. ബാലചന്ദ്രന്‍, വി. യൂസഫ് എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."