അയാക്‌സും ബാഴ്‌സയും സെമിയില്‍
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് പുറമേ യുവന്റസിനും അയാക്‌സ് ഷോക്ക്. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ നേടിയാണ് അയാക്‌സ് കിരീട പ്രതീക്ഷയുമായെത്തിയ യുവന്റസിനും മടക്ക ടിക്കറ്റ് നല്‍കിയത്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.
യുവന്റസിനോട് മധുരപ്രതികാരം വീട്ടിയാണ് അയാക്‌സ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ പ്രവേശിച്ചത്. എവേ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കീഴിലിറങ്ങിയ യുവന്റസിനെ അയാക്‌സ് 2-1ന് പരാജയപ്പെടുത്തുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോയെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ അയാക്‌സിനെതിരേ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങിയ യുവന്റസിന് സാഹചര്യങ്ങള്‍ അനുകൂലമായിരുന്നെങ്കിലും ഭാഗ്യം തുണക്കെത്തിയില്ല.
28-ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്താന്‍ സാധിച്ചെങ്കിലും 34, 67 മിനുട്ടുകളില്‍ ഗോള്‍ നേടി അയാക്‌സ് യുവന്റസിന്റെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി. അയാക്‌സിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഡോണി വാന്‍ ഡി ബീക്കും (34), മാത്തിസ് (67) എന്നിവരുടെ ഗോളുകള്‍ അയാക്‌സിന് വിജയമൊരുക്കി. 1996 ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരം കൂടിയാണ് അയാക്‌സിന്റെ വിജയം.
ഒന്‍പത് വര്‍ഷത്തിനുശേഷം ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ കളിക്കാന്‍ കഴിയില്ല. ആദ്യ പാദത്തില്‍ ഒരു ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പാദത്തിനിറങ്ങിയ ബാഴ്‌സലോണ ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ ബലത്തിലാണ് വന്‍ ജയമൊരുക്കിയത്.
ഇരുപാദങ്ങളിലുമായി ബാഴ്‌സലോണ 4-0ത്തിന്റെ വിജയം ആഘോഷിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമണത്തോടെ യുണൈറ്റഡ് കളം നിറഞ്ഞെങ്കിലും പതിയെ ബാഴ്‌സലോണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പതിനാറാം മിനുട്ടില്‍ മെസ്സിയുടെ ഗോളില്‍ ബാഴ്‌സ ലീഡ് നേടി. 20-ാം മിനുട്ടില്‍ മെസ്സിയുടെ രണ്ടാം ഗോള്‍ കൂടി വന്നതോടെ യുനൈറ്റഡ് തോല്‍വി സമ്മതിച്ചിരുന്നു. 61-ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീന്യോയാണ് മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ 2015ന് ശേഷം ഇതാദ്യമായി ബാഴ്‌സ ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."