ക്ലാര പാടി; അപ്പയ്ക്ക് ഒരു വോട്ട്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമൊക്കെ എത്തി കാടിളക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടക്ക് ഒരു കുഞ്ഞു ഗായികയുടെ തെരഞ്ഞെടുപ്പ് ഗാനവും വോട്ട് ചോദ്യവും വൈറലാകുന്നു. മറ്റാര്‍ക്കും വേണ്ടിയല്ല, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികൂടിയായ തന്റെ 'അപ്പ' ഹൈബി ഈഡനു വേണ്ടിയാണ് മകള്‍ ക്ലാര തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഇറക്കിയിരിക്കുന്നത്.
ആറു വയസുകാരിയായ മകള്‍ ക്ലാര അന്ന ഈഡന്‍ പാടിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്. ഹൈബിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷം പേരാണ് കണ്ടത്. 1100 പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. 'നാടിന്‍ മുഖം ഹൈബി ഈഡന്‍, ഉള്ളം തൊടും ഹൈബി ഈഡന്‍' എന്നുതുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകന്‍ മെജോ ജോസഫ് ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് തനതായ ഭാവങ്ങളും നിഷ്‌കളങ്കത നിറഞ്ഞ ശബ്ദവും നല്‍കിയാണ് ഈ കൊച്ചുമിടുക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതോടെ ക്ലാരയ്ക്ക് അപ്പയെ അടുത്തു കിട്ടാതായി. അതോടെ ക്ലാര പ്രചാരണ കേന്ദ്രങ്ങളില്‍ അപ്പയെ തേടിയെത്തി.
കഴിഞ്ഞ ദിവസം കളമേശ്ശരിയില്‍ ഇങ്ങനെ അപ്പയെ കാണാനെത്തിയ ക്ലാരയെയും കൈയിലെടുത്തായിരുന്നു പിന്നീട് ഹൈബിയുടെ തെരഞ്ഞെടുപ്പ് പര്യടനം. അതിനിടെയാണ് അപ്പയ്ക്ക് വോട്ടുചോദിച്ച് ക്ലാര വിഡിയോ ആല്‍ബത്തിലും പാടിയത്. മെജോ അയച്ചുകൊടുത്ത മൂന്നു ട്യൂണുകളില്‍ നിന്ന് ക്ലാര തന്നെയാണ് ഇഷ്ടപെട്ട ട്യൂണ്‍ തിരഞ്ഞെടുത്തത്.
ഹൈബി ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നതിനു മുന്‍പു തന്നെ കൊച്ചു ക്ലാര മറ്റൊരു ഗാനവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. 'പറയൂ പറയൂ തത്തമ്മേ' എന്ന നഴ്‌സറി ഗാനവുമായാണ് അന്ന് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."