ഇമ്രാന്റെ മോദി അനുകൂല പ്രസ്താവനക്കു പിന്നില്‍ കോണ്‍ഗ്രസെന്ന് നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്ത്. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നു പുറത്താക്കാനായി ചില കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനില്‍ പോയി സഹായം തേടിയിട്ടുണ്ടെന്നും നിര്‍മല ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഇമ്രാന്‍ നടത്തിയതെന്ന് എനിക്ക് അറിയില്ല. കോണ്‍ഗ്രസിന്റെ ചില പ്രധാന നേതാക്കള്‍ മോദിയെ പുറത്താക്കാന്‍ പാകിസ്താന്റെ സഹായം തേടിയിട്ടുണ്ട്. മോദിയെ പുറത്താക്കാന്‍ ഞങ്ങളെ സഹായിക്കൂവെന്ന് അവര്‍ പാകിസ്താനിലെത്തി അഭ്യര്‍ഥിക്കുകയായിരുന്നു. ഇതുതീര്‍ത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ബി.ജെ.പിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അല്ല. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാകിസ്താന്റെ സഹായം അഭ്യര്‍ഥിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ ഉണ്ട്. അവരുടെ ആ ശ്രമങ്ങളുടെ ഭാഗം തന്നെയാണോ ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെന്നാണ് എന്റെ ആശങ്ക- നിര്‍മല പറഞ്ഞു.
കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ തീവ്രവലതുപക്ഷ കക്ഷികളുടെ ആരോപണം ഭയന്ന് കശ്മിര്‍ വിഷയത്തില്‍ അനുകൂല നീക്കത്തിനു മടിക്കുമെന്നും എന്നാല്‍ നരേന്ദ്ര മോദി ജയിക്കുകയാണെങ്കില്‍ അങ്ങനെയാവില്ലെന്നും മോദിയുടെ വരവ് കശ്മിരില്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നുമായിരുന്നു ഇമ്രാന്റെ പ്രസ്താവന. ഇമ്രാന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും രംഗത്തുവരുന്നതിനിടെയാണ് നിര്‍മലയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."