HOME
DETAILS
MAL
ദുരന്തമുഖത്തെ ഞെട്ടലില്‍ നിന്ന് മകനൊപ്പം ജീവിതത്തിലേക്ക് തിരിച്ചുകയറി ശാദിയ
backup
August 09 2020 | 05:08 AM
കാളികാവ്: മരണം മുന്നില്‍ കണ്ട് ശാദിയയും മകനും ജീവിതത്തിലേക്ക് തിരിച്ചെത്തി. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടവരാണ് ചോക്കാടിലെ നിലാമ്പ്ര ഫിര്‍ദൗസിന്റെ ഭാര്യ ശാദിയ നവാലും മകന്‍ ആദം ഫിര്‍ദൗസും.
വിമാനം ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ഉയര്‍ന്നത് യാത്രക്കാരായ തങ്ങള്‍ അറിഞ്ഞിരുന്നു. വീണ്ടും അല്‍പസമയത്തിന് ശേഷം ലാന്‍ഡിങ് ലഭിച്ചെങ്കിലും കണ്ണടച്ച് തുറക്കും മുന്‍പ് അപകടം സംഭവിച്ചു കഴിഞ്ഞിരുന്നുവെന്നും ശാദിയ പറഞ്ഞു.
ദുബൈയിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുക്കലില്‍ നിന്നാണ് ശാദിയയും മകനും വരുന്നത്. 28 എ, 28 ബി നമ്പറുകളുള്ള പിറകിലെ സീറ്റുകളിലാണ് ഇരിപ്പിടം ഉണ്ടായിരുന്നത്. പിറകിലായിരുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ഇരുവരും പറഞ്ഞു. അപകടശേഷം കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്‍വശത്ത് ആരെയും കാണാനില്ലായിരുന്നു. എല്ലാം തകര്‍ന്ന നിലയിലായിരുന്നു.
വിമാനം തകര്‍ന്ന ഉടനെ പിന്നിലുണ്ടായിരുന്ന രണ്ട് എയര്‍ ഹോസ്റ്റസുമാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങി. നെറ്റിയിലെ മുറിവില്‍ നിന്ന് രക്തം ഒലിച്ചതോടെ വെള്ളവുമായി ഓടിയെത്തിയതും മകനെ കൈകളില്‍ ഏല്‍പ്പിച്ചതും അവരായിരുന്നുവെന്നും ശാദിയ പറഞ്ഞു.
വിമാന അവശിഷ്ടങ്ങളും തടസങ്ങളും പൊളിച്ച് നീക്കി കാട് വെട്ടിമാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ അരികിലെത്തിയതെന്നും ശാദിയ പറഞ്ഞു. മുറിവൊഴിച്ച് പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നും കാണാത്തതിനാല്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം രാത്രി വൈകി ഇരുവരും വീട്ടിലേക്ക് മടങ്ങി. കുട്ടിയുടെ കൈ എല്ലിന് പൊട്ടലുള്ളതിനാല്‍ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മാര്‍ച്ച് ആറിനാണ് ശാദിയയും മകനും സന്ദര്‍ശന വിസയില്‍ ഭര്‍ത്താവ് ഫിര്‍ദൗസിന്റെ അടുക്കലെത്തിയത്. വിസയുടെ കാലാവധി തീര്‍ന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. സന്ദര്‍ശന വിസയിലെത്തിയവര്‍ ഓഗസ്റ്റ് 12 ന് മുന്‍പ് ദുബൈ വിടണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയത്. ഭര്‍ത്താവ് ഫിര്‍ദൗസ് മടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."