ബേപ്പൂരില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ടിന് രണ്ടര ലക്ഷം പിഴയിട്ടു
ബേപ്പൂര്‍: കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ച് ജുവനെയില്‍ ഫിഷിങ് നടത്തിയതിനും ഭക്ഷ്യ യോഗ്യമല്ലാത്തതും നിയമാനുസൃതം പിടിക്കാന്‍ പാടില്ലാത്തതുമായ വള മത്സ്യങ്ങള്‍ അനധികൃതമായി പിടിച്ചതിനുമാണ് കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന് ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് രണ്ടരലക്ഷം രൂപ പിഴ ചുമത്തിയത്. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുക്കത്ത് ഹൗസില്‍ മുഹമ്മദ് ആസിഫിന്റെ ഉടമസ്ഥതയിലുള്ള 'ക്ലാസിക് 'എന്ന ബോട്ടാണ് പിടി കൂടിയത് .
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ പി.കെ രഞ്ജിനി, എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് എസ്.ഐ എ.കെ അനീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ഹാര്‍ബറിനു പുറത്തായി കടലില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് ബോട്ട് പിടികൂടുന്നത്.
സംശയം തോന്നി പരിശോധിച്ചപ്പോള്‍ സ്റ്റോറേജില്‍ അടച്ച് സൂക്ഷിച്ചിട്ടുള്ള സുമാര്‍ രണ്ടര ടണ്‍ വള മത്സ്യവും കിളി ഇനത്തില്‍പ്പെട്ട ചെറു മത്സ്യവും 400 ബോക്സുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബോട്ട് പോലിസ് കസ്റ്റഡിയില്‍ എടുത്ത് ഹാര്‍ബറില്‍ എത്തിച്ചു.
ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും ഒരാഴ്ച മുന്‍പ് പുറപ്പെട്ട 'ക്ലാസിക് ' ബോട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു ഹാര്‍ബറിലേക്ക് തന്നെ മടങ്ങുമ്പോഴാണ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലാകുന്നത്.
ബോട്ടിന്റെ സ്രാങ്ക് തമിഴ്നാട് കുളച്ചല്‍ സ്വദേശിയായ റീഗനും 9 തൊഴിലാളികളുമാണ് ബോട്ടിലുണ്ടായിരുന്നത്.
സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സന്തോഷ് കുമാര്‍ ,റസ്ക്യൂ ഗാര്‍ഡ് താജുദ്ദീന് എന്നിവരും സംഘത്തിലുണ്ടായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."