കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം
കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന് യുവതിയെ കടന്നു പിടിച്ചുവെന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം. സംഭവത്തെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന് എന്നിവര്‍ക്ക് പരാതി നല്കി.
ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതിയില്‍ ഒരുകൂട്ടം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. യുവതിയെ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് നല്കിയ ഹരജി ജസ്റ്റീസ് സുനില്‍ തോമസ് പരിഗണിച്ചിരുന്നു.
ഇതു റിപ്പോര്‍ട്ട് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ ഡെക്കാണ് ക്രോണിക്കിളിലെ സീനിയര്‍ റിപ്പോര്‍ട്ട് രോഹിത് രാജിനെ ഒരു പറ്റം അഭിഭാഷകര്‍ അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് ഇതേക്കുറിച്ച് പരാതി തയ്യാറാക്കുന്നതിനിടെ ഹൈക്കോടതിയിലെ മീഡിയ റൂമിന് പുറത്തെത്തിയ മറ്റൊരു സംഘം അഭിഭാഷകര്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു.
മാധ്യമ പ്രവര്‍ത്തകരായ അഭിഭാഷകരടക്കമുള്ളവരെ ഇവര്‍ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന് എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്കി.
സംഭവത്തെ തുടര്‍ന്ന് കെ.യു.ഡബ്ല്യൂ.ജെ നേതൃത്വത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയും അഭിഭാഷകര്‍ ആക്രമണം നടത്തി. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ രവികുമാര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് അക്രമണമുണ്ടായത്. ഈ സമയം അഭിഭാഷകര്‍ സംഘടിച്ചെത്തി കൂക്കിവിളിച്ചു. മൊബൈല്‍ഫോണില്‍ പ്രസംഗം ചിത്രീകരിക്കുകയും ചെയ്തു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലിസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."