പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു
വണ്ടിപ്പെരിയാര്‍: കുടിവെള്ള വിതരണത്തിനായി വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിച്ച പമ്പ് ഹൗസില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. കുടിശ്ശികയുള്ള കുടിവെള്ള പദ്ധതിയില്‍തന്നെയാണ് പുതിയ കണക്ഷനായി പഞ്ചായത്ത് കെ.എസ്.ഇ.ബിയെ സമീപിച്ചതെന്നും ഇതിനാല്‍ കുടിശ്ശിക തുകയുടെ പകുതി അടച്ചാല്‍ മാത്രമേ പഴയ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. പ്രശ്‌നം സംബന്ധിച്ച് രണ്ടുമണിക്കൂര്‍ ചര്‍ച്ച നടന്നെങ്കിലും കുടിശിക അടയ്ക്കാതെ വൈദ്യുതിബന്ധം നല്‍കാനാകില്ലെന്ന നിലപാടില്‍ കെ.എസ്.ഇ.ബി ഉറച്ചുനിന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്ത് കുടിശിക തുക കണ്ടെത്തി അടച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ആനക്കയം കുടിവെള്ള പദ്ധതിയുടെ ഉപഭോക്തൃ സമിതിയാണ് 40000 രൂപ കെഎസ്ഇബിക്ക് അടയ്ക്കാനുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ മേലെ കൂടല്ലൂര്‍, പാറമട, കക്കികവല, നെല്ലിമല തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. 25 ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പഞ്ചായത്ത് 13 ലക്ഷം രൂപ അനുവദിച്ച പുതിയ പമ്പ്ഹൗസിനായുള്ള മോട്ടോര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ വാങ്ങിയത്. ഇതിനു പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ഇബിയെ പഞ്ചായത്ത് സമീപിച്ചത്. തുടര്‍ന്നാണ് ഒരു പമ്പ് ഹൗസില്‍ രണ്ടു മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കണക്ഷന്‍ നല്‍കാന്‍ കഴിയില്ലെന്നും കുടിശികയുള്ള കുടിവെള്ള പദ്ധതിക്ക് പുതിയ കണക്ഷന്‍ നല്‍കാന്‍ കഴിയില്ലെന്നും ബോര്‍ഡ് നിലപാടു സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."