കേരള പ്രീമിയര്‍ ലീഗ്: എസ്.ബി.ഐ- ഏജീസ് പോരാട്ടം സമനില
തിരുവനന്തപുരം: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തലസ്ഥാന ടീമുകളുടെ പോരാട്ടം സമനിലയില്‍. രണ്ടാം ഹോം പോരാട്ടത്തില്‍ എസ്.ബി.ഐയെ ഏജീസ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. കളിയുടെ മുഴുവന്‍ സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ രണ്ട് കളികളില്‍ ഒരോ വിജയവും തോല്‍വിയുമായി ഏജീസിന് നാല് പോയിന്റായി. രണ്ട് ഹോം മത്സരങ്ങളിലും സമനിലകള്‍ വഴങ്ങിയ എസ്.ബി.ഐയ്ക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. എസ്.ബി.ഐയുടെ മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. ആദ്യ പകുതിയില്‍ നിരവധി ഗോളവസരങ്ങളാണ് എസ്.ബി.ഐയും ഏജീസും തുലച്ചത്. 11 ാം മിനുട്ടില്‍ എസ്.ബി.ഐയ്ക്കും 20 ാം മിനുട്ടില്‍ ഏജീസിനും ലഭിച്ച സുവര്‍ണാവസരം പാഴായി. 44 ാം മിനുട്ടില്‍ ഗോള്‍ ഉറപ്പിച്ച സുവര്‍ണാവസരം എസ്.ബി.ഐ നായകന്‍ പി ഉസ്മാന്‍ കളഞ്ഞു. ഗോളി ശ്രീജു സ്ഥാനം തെറ്റി നില്‍ക്കവേ ഉസ്മാന്റെ ഷോട്ട് ഡാനി പുറത്തേക്കടിച്ച് ഏജീസിന്റെ രക്ഷകനായി. തൊട്ടു പിന്നാലെ സഹല്‍ തൊടുത്ത ഹെഡ്ഡര്‍ ഏജീസ് ഗോളി ശ്രീജു കൈകളില്‍ ഒതുക്കി. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളുടെയും പ്രതിരോധം ഏറെ വിയര്‍പ്പൊഴുക്കിയാണ് സമനില പിടിച്ചത്. മുന്നേറ്റ നിര വരുത്തിയ പിഴവുകളാണ് എസ്.ബി.ഐയ്ക്ക് വിനയായത്.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ എസ്.ബി.ഐ ആക്രമിച്ചു കളിച്ചു. അവസരങ്ങള്‍ തലയ്ക്കുന്നതില്‍ ഇരു ടീമുകളും മത്സരിക്കുന്ന കാഴ്ച. 80,82 മിനുട്ടുകളില്‍ തുടര്‍ച്ചയായി ലഭിച്ച ഗോള്‍ അവസരം ഉസ്മാന്‍ പാഴാക്കി. 85 ാം മിനുട്ടില്‍ മധ്യത്തിലൂടെ ഒറ്റയ്ക്ക് പന്തുമായി ഏജീസ് ബോക്‌സിലേക്ക് കയറിയ ഉസ്മാന്‍ ഓഫ് സൈഡ് മനസിലാക്കി പന്ത് പിന്നില്‍ നിന്ന സജിത് പൗലോസിന് കൈമാറി. സജിത് തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി റീ ബൗണ്ടായി. പന്ത് വീണ്ടും ലഭിച്ച സജിത് ഇടത്തേ മൂലയിലേക്ക് ഷോട്ട് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
89 ാം മിനുട്ടില്‍ ഏജീസിന് അനുകൂലമായ ഓപണ്‍ ചാന്‍സ്. എസ്.ബി.ഐ പ്രതിരോധത്തെ മറികടന്നു പന്തുമായി ഗോള്‍ മുഖത്തേക്ക് ആര്‍ കണ്ണന്‍ പാഞ്ഞെത്തി. പന്ത് പിടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ മുന്നിലേക്കോടി കയറി വന്ന എസ്.ബി.ഐ ഗോളി മിഥുന്‍ വീണു പോയി. ഗോള്‍ എന്ന് ഉറപ്പിച്ച നിമിഷം. കണ്ണന്‍ തൊടുത്ത ഷോട്ട് പുറത്തേക്ക് പാഞ്ഞു. കളിയുടെ ഇഞ്ച്വറി ടൈമിലും ഗോളിനായി ഇരു ടീമുകളും പരമാവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."