നിനക്കായ്...
'ഇപ്പോ തന്നെ കൊണ്ട് പോണോ ഡോക്ടറെ?'കുട്ടികളുടെ ഐ.സി.യു വിന്റെ വാതില്‍ക്കല്‍ നിന്ന് കൊണ്ട് ജിയോണയുടെ അമ്മ ചോദിച്ചു.
''മോള്‍ടെ അച്ഛന്‍ ഡാന്‍സ് മാഷാ..സ്‌കൂളില്‍ പരിപാടി നടക്കുവ..മെയ്ക്കപ്പ് ചെയ്ത് കൊടുക്കാതെ അവിടുന്ന് വരാന്‍ പറ്റില്ല''.
ഞാന്‍ കട്ടിലിലേക്ക് നോക്കി. വല്ലാത്തൊരു ആന്തലോടെ ഉയര്‍ന്നു താഴുന്ന ഒന്നര വയസുകാരി ജിയോണയുടെ നേര്‍ത്തനെഞ്ചിന്‍ കൂട്.
ഇരുന്നൂറിനും മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഹൃദയമിടിപ്പ്. കുറഞ്ഞു വരുന്ന ഒക്‌സിജന്റെ അളവ് സൂചിപ്പിച്ച് കൊണ്ട് മോണിറ്ററില്‍ തെളിയുന്ന ചുവന്ന വെളിച്ചം. ഞാനാ അമ്മയുടെ ദയനീയമായ കണ്ണിലേക്കും, മോണിറ്ററിലേക്കും മാറി മാറി നോക്കി.
അര മണിക്കൂറു മുന്‍പാണ് ശ്വാസംമുട്ടിക്കൊണ്ട് ജിയോണ അവളുടെ അമ്മയുടെ കൈകളില്‍ അത്യാഹിത വിഭാഗത്തിലേക്ക് വന്നത്. ജന്മനാ വളര്‍ച്ചക്കുറവുള്ള ക്രമംതെറ്റിയ ഹൃദയ വാല്‍വുകളുള്ള കുഞ്ഞു ജിയോണ...
''നിങ്ങള്‍ വണ്ടി ഏര്‍പ്പാടാക്കി കുറെ കൂടെ സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നതായിരിക്കും നല്ലത്. ഈ രാത്രി പീഡിയാട്രീഷന്‍സ് ആരും കാണാതെ കുട്ടിയെ ഇവിടെ കിടത്തുന്നത്...'' വാചകം പൂര്‍ത്തിയാക്കാതെ ഞാന്‍ നിര്‍ത്തി. ജിയോണയുടെ അമ്മ കരച്ചിലിന്റെ വക്കിലായിരുന്നു..
മോണിറ്ററിലെ ചുവന്ന വെളിച്ചം എന്റെ പരിമിതമായ പുസ്തക അറിവുകളെ ആശങ്കപ്പെടുത്തിക്കൊണ്ടിരുന്നു. ജിയോണ ശ്വാസം ആഞ്ഞുവലിച്ചു കൊണ്ട് ഒന്ന് ഞരങ്ങി. ഇടംതെറ്റിയ ഒക്‌സിജന്‍ മാസ്‌ക് നേരെ വച്ച്, ഞാനാ പാതി ചുരുട്ടിയ കുഞ്ഞ് കൈകളില്‍ എന്റെ വിരല്‍ തൊട്ടു.
* * *
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ജില്ലാ സ്‌കൂള്‍ യുവജനോത്സവ വേദിയുടെ ഗ്രീന്‍ റൂം. നാടോടിനൃത്ത വേദിക്ക് പുറകില്‍ ഉടുപ്പ് മാറി മെയ്ക്കപ്പിടാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു ആറാം ക്ലാസുകാരി പെണ്‍കുട്ടി. മറ്റു സ്‌കൂളിലെ കുട്ടികളെല്ലാം റെഡി ആയി, ചെസ് നമ്പരും കുത്തി വിളിക്ക് കാത്തുനില്‍ക്കുകയാണ്. അവളുടെ ഡാന്‍സ് മാഷ് മാത്രം വന്നില്ല. പാട്ടിലെ കുറത്തിയുടെ കല്ല് മാലകളും, ചുവന്ന കുപ്പായവും, മുഖത്തിടുന്ന കളറുകളും കൊണ്ട് വരാമെന്ന് പറഞ്ഞു പോയ മാഷ് മത്സരം തീര്‍ന്നിട്ടും വന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളും, മനസില്‍ നിറയെ ശാപവാക്കുകളുമായി അവള്‍ വേദിവിട്ടിറങ്ങി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഗവണ്‍മെന്റ് ഹോസ്പിറ്റലിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച് ഡാന്‍സ് മാഷെ വീണ്ടും കണ്ടു. പുറകില്‍ കൈകാലുകള്‍ ശോഷിച്ച്, വലിയ തലയുള്ള കുട്ടിയെ ചുമലിലിട്ട് ഒരു സ്ത്രീയുമുണ്ടായിരുന്നു. പഴയ പതിനൊന്നു വയസുകാരിയുടെ മോഹഭംഗവും, നിരാശയും, സങ്കടവുമെല്ലാം മാഷുടെ മുഖത്ത് നോക്കാതെ നടന്നു പോകാന്‍ അവളെ പ്രേരിപ്പിച്ചു.
* * *
''മാഡം ജിയോണയുടെ അച്ഛനെത്തി. അവര്‍ കോഴിക്കോടേക്ക് കൊണ്ട് പോ വാണെന്ന്''.
സിസ്റ്റര്‍ക്കു പുറകെ ഒരു മെലിഞ്ഞ മനുഷ്യന്‍ എനിക്ക് മുന്നില്‍ വന്നു നിന്നു.
''പരിപാടീടെ എടേന്നാ വന്നെ..എല്ലാം നാലിലും, അഞ്ചിലും പഠിക്കുന്ന കുട്ട്യേളാ..സങ്കടായിട്ടുണ്ടാവും. മെയ്ക്കപ്പ് പോലും തീര്‍ത്ത് കൊടുത്തില്ല. മോളുടെ ചികിത്സക്കൊക്കെയായി കുറച്ച് കാഷും കടം വാങ്ങിയിരുന്നു, സ്‌കൂള്‍ മാഷമ്മാരുടെ കയ്യീന്ന്...ഞാന്‍...ഞാന്‍...അച്ഛനായിപ്പോയില്ലേ?''.
മറ്റൊരാളുടെ കരച്ചില് കാണുമ്പോ ,എനിക്കിപ്പോഴും പേടിയാണ്.
* * *
ആംബുലന്‍സിലേക്ക് കയറുമ്പോള്‍ ഞാന്‍ ജിയോണയുടെ കുഞ്ഞുകൈയില്‍ ഒന്ന് കൂടെ പതുക്കെ തൊട്ടു.
''എന്റെ കുഞ്ഞേ..നീയെനിക്ക് മാപ്പ് തരിക...എന്നെങ്കിലും... മാപ്പ്...''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."