നോത്രദാം പുനര്‍നിര്‍മാണത്തിനുള്ള സ്റ്റീല്‍ വാഗ്ദാനം ചെയ്ത് ആര്‍സലര്‍ മിത്തല്‍
പാരിസ്: തീപ്പിടിത്തത്തില്‍ ഭാഗികമായി കത്തിയമര്‍ന്ന നോത്രദാം കത്തീഡ്രല്‍ പുനര്‍നിര്‍മാണത്തിനു വേണ്ട സ്റ്റീല്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ ലക്ഷ്മി മിത്തലിന്റെ സ്റ്റീല്‍ കമ്പനിയായ ആര്‍സലര്‍ മിത്തല്‍. ലോകത്തിലെ ഏറ്റവും പ്രമുഖ സ്റ്റീല്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ആര്‍സലര്‍ മിത്തല്‍.
ചരിത്രപ്രസിദ്ധമായ ദേവാലയത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനും ആവശ്യമായ സ്റ്റീല്‍ നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ തയാറാണെന്നറിയിച്ച് പ്രശസ്തരായ നിരവധി വാസ്തുശില്‍പികള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
അതിനിടെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കു വേണ്ടി കത്തീഡ്രല്‍ അഞ്ചുവര്‍ഷത്തേക്ക് അടച്ചിടുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. അതേസമയം, ദേവാലയത്തിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്ന പശ്ചാത്തലത്തില്‍ സമീപത്ത് മരംകൊണ്ടുള്ള ഒരു താല്‍ക്കാലിക ദേവാലയം പണിയുമെന്ന് അധികൃതര്‍ അറിയിച്ചു.
ആരാധനക്കും സന്ദര്‍ശനത്തിനുമായി ദിനംപ്രതി ആയിരങ്ങള്‍ എത്തുന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊന്ന് പണിയുന്നത്.
850 വര്‍ഷം പഴക്കമുള്ള ഗോഥിക് ശില്‍പചാരുതയുള്ള ദേവാലയത്തിന്റെ മരം കൊണ്ടുണ്ടാക്കുന്ന മാതൃക അതീവ സുന്ദരവും ആകര്‍ഷകവും ആയിരിക്കുമെന്ന് പാരിസിലെ റെക്ടര്‍ മോണ്‍സിഗ്നര്‍ പാട്രിക് ചാവേസ് പറഞ്ഞു.
2011ലെ ഭൂകമ്പത്തില്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള കത്തീഡ്രല്‍ തകര്‍ന്നപ്പോള്‍ ഇതുപോലെ ഒരു താല്‍ക്കാലിക മാതൃക പണിതിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."