HOME
DETAILS
MAL
ആര്.ടി.പി.സി.ആര് ഫലത്തിന് കാലതാമസം സ്വാഭാവികം
backup
August 13 2020 | 01:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയായ ആര്.ടി.പി.സി.ആറിന്റെ ഫലം വരുന്നതിന് നിലവില്‍ എടുക്കുന്ന കാലതാമസം സ്വാഭവികമാണെന്ന് ആരോഗ്യവകുപ്പ്. സാംപിള്‍ നല്കി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ് ഫലം ലഭിക്കുന്നത്. വളരെ കുറഞ്ഞ കേസുകളിലാണ് ഫലം വരുന്നതിന് ഇതില്‍ കൂടുതല്‍ സമയമെടുക്കുന്നതെന്നും അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കൊവിഡ് പരിശോധനാ രീതികളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ പത്തുലക്ഷത്തിലധികം സാംപിള്‍ പരിശോധിച്ചതില്‍ വളരെ കുറിച്ച് കേസുകളില്‍ മാത്രമാണ് ഫലം സാധാരണയേക്കാള്‍ വൈകിയത്.
അതത് ജില്ലകളിലെ ലാബുകളിലേക്കാണ് അയക്കുന്നതെങ്കില്‍ രണ്ടാംദിവസം വൈകിട്ടോടെയും ഇതര ജില്ലകളിലെ ലാബുകളിലേക്കാണ് അയക്കുന്നതെങ്കില്‍ മൂന്നാമത്തെ ദിവസം രാവിലെയുമായിരിക്കും ഫലം ലഭിക്കുക. അതത് ജില്ലകളിലെ ലാബുകളിലേക്കായി രാവിലെ ഒന്‍പത് മണിയോടെയാണ് സാംപിള്‍ ശേഖരിക്കുന്നതെങ്കില്‍ ഉച്ചക്കു ശേഷം മൂന്നു മണിയോടെയായിരിക്കും സാംപിള്‍ ലാബിലെത്തിക്കുന്നത്. എത്തിക്കുന്ന സാംപിളുകള്‍ വേര്‍തിരിച്ച് ലേബല്‍ ചെയ്ത് എട്ടു മണിയോടെ ആര്.എന്‍.എ വേര്‍തിരിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും. ഇതിന് നാലുമണിക്കൂര്‍ വരെ സമയമെടുക്കും. പുലര്‍ച്ചെ രണ്ടിന് ആര്.എന്‍.എ വേര്‍തിരിക്കല്‍ പൂര്‍ത്തിയായാല്‍ ഇതിനെ റിയല്‍ ടൈം പി.സി.ആര് മെഷിനില്‍ വയ്ക്കും. മൂന്നു മണിക്കൂറിനുള്ളില്‍ ഇതിന്റെ ഫലം ലഭിക്കും. രണ്ടാമത്തെ ദിവസം പുലര്‍ച്ചെ അഞ്ചിന് പി.സി.ആര് ഫലം ലഭിക്കുകയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് രാവിലെ ഒന്‍പത് മണിയോടെ പൂര്‍ത്തിയാവുകയും ചെയ്യും. ഫലം പോസിറ്റീവാണെങ്കില്‍ രണ്ടാമതും പരിശോധന നടത്തും. ഇതിന്റെ ഫലം രണ്ടാമത്തെ ദിവസം വൈകിട്ട് ആറുമണിയോടെയായിരിക്കും ലഭിക്കുക. അതേസമയം, ഇതര ജില്ലയിലെ ലാബിലേക്കാണ് സാംപിള്‍ അയക്കുന്നതെങ്കില്‍ മൂന്നാമത്തെ ദിവസം പുലര്‍ച്ചെയായിരിക്കും ഫലം ലഭിക്കുക.
സാംപിളുകളും അതിനോടൊപ്പം അയക്കുന്ന രോഗവിവരം രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോമും ഒരേ സമയം ലാബില്‍ എത്താതിരിക്കുമ്പോഴോ സാംപിള്‍ അത് സൂക്ഷിച്ചിരിക്കുന്ന പാക്കിങ്ങില്‍ നിന്ന് പുറത്തേക്കാകുമ്പോഴോയാണ് ഫലം വൈകുന്നത് . ചില കേസുകളില്‍ വീണ്ടും സാംപിള്‍ ശേഖരിക്കേണ്ടിയും വരാറുണ്ട്. ആര്.ടി.പി.സി.ആര് ഫലം വരാന്‍ വൈകുന്നത് സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."