ഭിന്നശേഷിയുള്ളവരുടെ അയല്‍ക്കൂട്ടം രൂപീകരിക്കാന്‍ കുടുംബശ്രീ
തിരുവനന്തപുരം: സാമൂഹികനീതി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവര്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ കുടുംബശ്രീ തയാറെടുക്കുന്നു.
നിലവില്‍ ചില പ്രദേശങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങളുണ്ട്. ഇത് പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാനാണു കുടുംബശ്രീ ശ്രമിക്കുന്നത്. പദ്ധതിയ്ക്കായി നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രത്യേക തുക നീക്കിവച്ചിട്ടില്ലെങ്കിലും കുടുംബശ്രീയുടെ തനതുഫണ്ടില്‍നിന്നു തുക ചെലവഴിക്കും.
അതേസമയം, കൂടുതല്‍ വനിതകളെ തൊഴില്‍ സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും കുടുംബശ്രീ ആവിഷ്‌കരിച്ചിട്ടുണ്ട്. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.
എറണാകുളം ജില്ലയില്‍ ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിച്ച കെട്ടിടനിര്‍മാണ ഗ്രൂപ്പിന്റെ മാതൃകയില്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ഇവയെ തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കമ്മ്യൂനിറ്റി കോണ്‍ട്രാക്ടിങ് ഗ്രൂപ്പുകളാക്കി മാറ്റും. ഐ.ആര്‍.സി.ടി.സിയുമായി സംയോജിച്ച് റെയില്‍വേ കാറ്ററിങ് ഗ്രൂപ്പുകള്‍, റെയില്‍വേ പാര്‍ക്കിങ്, കസ്റ്റമര്‍ ലോഞ്ച് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ വിപുലപ്പെടുത്തി സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ സേവനം കാര്യക്ഷമമായി വിനിയോഗിക്കും.
അയല്‍ക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക സാക്ഷരതയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ ഒഴിവാക്കുന്നതു ലക്ഷ്യംവച്ച് സാമ്പത്തിക സാക്ഷരതാ ക്യാംപയിന്‍ സംഘടിപ്പിക്കും. നിയമസാക്ഷരത അയല്‍ക്കൂട്ടങ്ങള്‍ക്കു പകര്‍ന്നുനല്‍കുന്നതിനു കെല്‍സ പോലുള്ള സ്ഥാപനങ്ങളുടെ സഹകരണം തേടും.
മട്ടുപ്പാവിലെ വിഷമുക്ത പച്ചക്കറി ഉല്‍പ്പാദനം, ഹോര്‍മോണ്‍ വിമുക്ത ബ്രോയിലര്‍ ചിക്കന്‍, മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതികള്‍ക്കുപുറമേ പ്ലാസ്റ്റിക് നിരോധനത്തിന്റെ സാധ്യത പരിഗണിച്ച് തുണി, പേപ്പര്‍ ബാഗുകളുടെ ഉല്‍പാദനം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."