പെസഹാ ദിനത്തിലും വോട്ടുറപ്പിച്ച് ഇന്നസെന്റ്
കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിന്റെ ഭാഗമായ അമ്പലമുകളിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു ഇന്നലെ ഇന്നസെന്റിന്റെ പ്രചാരണത്തിന് തുടക്കമായത്. ഫാക്ട് അമ്പലമേട് ഡിവിഷന്‍ സന്ദര്‍ശിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍പിള്ള, എം. സ്വരാജ് എം.എല്‍.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പിന്നീട് ബ്രഹ്മപുരം മേച്ചറപ്പാട്ട്, ചായിക്കാരമൂല, കുറ്റ (വടവുകോട്), കല്ലുകുടം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളേയും വ്യക്തികളേയും സന്ദര്‍ശിച്ച ശേഷം ഇടത്തരം, ചെറുകിട റബ്ബര്‍ വ്യവസായങ്ങളുടെ കേന്ദ്രമായ ഐരാപുരം റബ്ബര്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.ബി ദേവദര്‍ശനന്‍, കോലഞ്ചേരി ഏരിയാ സെക്രട്ടറി സി.കെ വര്‍ഗീസ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എന്‍ മോഹനന്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ഹര്‍ഷന്‍, എന്‍.കെ ജോര്‍ജ് എന്നിവരും സംബന്ധിച്ചു.
ഉച്ചയ്ക്കു ശേഷം അങ്കമാലി മണ്ഡലത്തിലെ വ്യക്തികളേയും സ്ഥാപനങ്ങളുമാണ് ഇന്നസെന്റ് സന്ദര്‍ശിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിലായിരുന്നു തുടക്കം. പിന്നീട് മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രി, ബഹുനില കാര്‍പാര്‍ക്കിംഗ് നിര്‍മാണ കമ്പനിയായ മൂക്കന്നൂരിലെ ഹിമാന്‍ ഓട്ടോ റോബോപാര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിച്ച ശേഷം പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ യാക്കോബായ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ് മാര്‍ അതാനാസിയോസ് നേതൃത്വം നല്‍കിയ കാല്‍കഴുകല്‍ ശുശ്രൂഷയിലും ഇന്നസെന്റ് പങ്കെടുത്തു. തുടര്‍ന്ന്, എടക്കുന്ന് നസ്രേത്ത് മഠം വഴി അങ്കമാലി ഫൊറോന പള്ളിയിലെത്തി പര്യടനം സമാപിച്ചു. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."