കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു, കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍, കേസിന്റെ വിചാരണ അടുത്ത മാസത്തേക്കു നീട്ടി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. ആയിരം പേജുള്ള കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ കുറ്റമെല്ലാം നിഷേധിക്കുകയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. ആരോപണങ്ങളെല്ലാം കെട്ടിചമച്ചതാണെന്നായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം. ദൈവത്തിനുമുമ്പിലെ സത്യം കോടതിയില്‍ തെളിയിക്കപ്പെടട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. അതേ സമയം കേസിന്റെ വിചാരണ അടുത്ത മാസം 16 ലേക്കു കോടതി മാറ്റിവെച്ചു.
.
രാഷ്ട്രീയ കേരളം ഏറെ ഞെട്ടലോടെ കേട്ട കേസില്‍ ബലാത്സംഗം ഉള്‍പ്പടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണ് കേസിലുള്ളത്.
സംഭവത്തില്‍ ഫ്രാങ്കോക്കെതിരേ കേസെടുക്കാനും മറ്റും വലിയ പ്രക്ഷോഭങ്ങള്ക്കുതന്നെയാണ് കേരളം സാക്ഷിയായത്. ഭീഷണികളേ സധൈര്യം നേരിട്ടാണ് മഠത്തിലെ കന്യാസ്ത്രീകള്‍ പീഡനത്തിനിരയായവര്‍ക്കൊപ്പം നിന്ന് ഈ പ്രതിസന്ധികളെ അതിജീവിച്ചത്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇനി കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഫ്രാങ്കോ കോടതിയില്‍ ഹാജരാകേണ്ടി വരും.
കേരളം വിടാന്‍ പാടില്ലെന്ന ഉപാധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴിന് കോടതി ഫ്രാങ്കോക്ക് ജാമ്യം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."