മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയിലും കേരളത്തിന് നിയന്ത്രണം നഷ്ടമാകുന്നു
കട്ടപ്പന: മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയും കൈപ്പിടിയിലൊതുക്കി തമിഴ്‌നാട്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ കൂടിയാലോചനകള്‍ ഇക്കുറി നടന്നത് തമിഴ്‌നാട്ടില്‍ മാത്രമാണ്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നെന്ന് ആരോപണം ശക്തമാണ്.
വര്‍ഷങ്ങളായി തേക്കടിയില്‍ നടന്നു വന്നിരുന്ന കുടിയാലോചന യോഗം ഉപേക്ഷിച്ചാണ് ഇടുക്കി ജില്ലാ കലക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട്ടില്‍ പോയി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇരട്ട വോട്ട് തടയാനെന്ന പേരിലാണ് കമ്പത്ത് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ വച്ച് മംഗളാദേവി ഉത്സവകാര്യങ്ങളും തീരുമാനിക്കുകയായിരുന്നു.
ഇരു സംസ്ഥാനങ്ങളും സംയുക്തതമായാണ് വര്‍ഷങ്ങളായി മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി ഉത്സവം നടത്തുന്നത്. ഇതിനായി ഇടുക്കി, തേനി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലിസ്, വനം, ആരോഗ്യം, പഞ്ചായത്ത് ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെയും കുമളി, തേക്കടി ക്ഷേത്ര കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍, തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവരുടെ യോഗം പതിവായി ചേര്‍ന്നിരുന്നു. ഇക്കുറി ഇതെല്ലാം ഒഴിവാക്കി തമിഴ്‌നാട് അധികൃതരെയും കണ്ണകി ട്രസ്റ്റ് ഭാരവാഹികളെയും മാത്രം വിളിച്ചു ചേര്‍ത്താണ് കാര്യങ്ങള്‍ തീരുമാനിച്ചത്.ഉത്സവ ദിനത്തില്‍ മംഗളാദേവി ക്ഷേത്രത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനും ഇടുക്കി ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകരേയും മംഗളാദേവിയില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നാണ് പുതിയ നിലപാട്. മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മംഗളാദേവിയിലും വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തിയത് തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണെന്നാണ് സൂചന.
ഇതിനിടെ, ഉത്സവം സംബന്ധിച്ച് വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയും കൂടിയാലോചനകള്‍ ഇല്ലാതാക്കി തമിഴ്‌നാടിന്റെ തീരുമാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന കേരളത്തിലെ റവന്യൂ വനം ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ക്ഷേത്ര കമ്മറ്റിഭാരവാഹികളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."