ചൈനീസ് കപ്പലുകള്‍ വാടകയ്‌ക്കെടുക്കുന്നത് ഇന്ത്യ നിര്‍ത്തി
ബെയ്ജിങ്: ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പന്നങ്ങളും കൊണ്ടുപോകുന്നതിന് ചൈനീസ് എണ്ണക്കപ്പലുകളെ വാടകയ്‌ക്കെടുക്കുന്നത് നിര്‍ത്തി ഇന്ത്യ. രാജ്യത്തെ മുന്‍നിര പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുപോകുന്നതിന് കപ്പലുകളെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് ചൈനീസ് കപ്പലുകളെ തഴഞ്ഞതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ചൈനയുമായും പാകിസ്താനുമായുമുള്ള വ്യാപാരബന്ധത്തില്‍ കഴിഞ്ഞമാസം അനൗദ്യോഗിക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ചൈനീസ് കപ്പലുകളില്‍ ഇന്ത്യയിലേക്ക് ചരക്കു കൊണ്ടുപോകരുതെന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാചകവാതകം കൊണ്ടുവരുന്നതിനാണ് ചൈനീസ് കപ്പലുകളെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. പനാമ, മൗറീഷ്യസ്, ലൈബീരിയ പതാകകളുള്ള കപ്പലുകളെയാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ എണ്ണ കടത്താന്‍ കൂടുതലായി ഉപയോഗിക്കുന്നത്.
2019ല്‍ 7,000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.
എന്നാല്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നേരത്തെ തന്നെ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ലഡാക്കിലെ ഏറ്റുമുട്ടലിനു ശേഷം 49 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എണ്ണക്കപ്പലുകള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളാകാന്‍ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."