പശുവിനെ കൊന്നെന്നാരോപിച്ച് ഗുജറാത്തില്‍ ദലിതര്‍ക്കുനേരെ ആക്രമണം
അഹമ്മദാബാദ്: ഗുജറാത്തിലെ സൗരാഷ്ട്രയില്‍ പശുവിനെ കൊന്നെന്നാരോപിച്ചു നാലു ദലിത് പുരുഷന്മാരെ കാറില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം ഏഴ് ദലിത് യുവാക്കള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ബസുകള്‍ക്കു തീവയ്ക്കുകയും ചെയ്തു. കഴിഞ്ഞ 11നാണ് ദലിതുകളെ പശു സംരക്ഷണ സേനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. കാറില്‍ കെട്ടിയിട്ട് ഇവരെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതൊരു മുന്നറിയിപ്പാണെന്ന അടിക്കുറിപ്പോടെ പശു സംരക്ഷണ സേനതന്നെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്നു വിവിധ ദലിത് സംഘടനകള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
പ്രതിഷേധ റാലികളിലാണ് യുവാക്കള്‍ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാജ്‌കോട്ടിലും ജാംനഗറിലുമാണ് പ്രതിഷേധക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അഗ്‌നിക്കിരയാക്കിയത്. രാജ്‌കോട്ടിനെയും പോര്‍ബന്തറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം ഉപരോധിച്ചു. വിഷയത്തില്‍ ബി.എസ്.പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ രാജ്യസഭയിലും പ്രതിഷേധമുണ്ടായി.
തോല്‍ കച്ചവടക്കാരായ ദലിതുകളാണ് ക്രൂരമര്‍ദനത്തിനിരയായത്. തങ്ങള്‍ ചത്ത പശുക്കളുടെ തോല്‍ ഉരിഞ്ഞെടുക്കുക മാത്രമാണ് ചെയ്‌തെന്ന് അക്രമികളോട് അവര്‍ പറഞ്ഞുവെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."