യു.എസില്‍ കമലാ ഹാരിസ് കടന്നുവരുമ്പോള്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ തന്ത്രങ്ങള്‍ വിജയിച്ചുവരികയാണ്. എതിര്‍ സ്ഥാനാര്‍ഥി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പും. ഇന്ത്യന്‍ വംശജ കമലാ ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നോമിനേഷന്‍ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്തുമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിരീക്ഷണം. കമലാ ഹാരിസിനെ രംഗത്തിറക്കി കറുത്ത വര്‍ഗക്കാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജോ ബൈഡനു തീര്‍ച്ചയായും സാധിക്കും. വനിതാ ബറാക് ഒബാമ എന്നറിയപ്പെടുന്ന കമലാ ഹാരിസിന്റെ വേരുകള്‍ ഇന്ത്യയിലെ ചെന്നൈയിലാണ് ഒട്ടിനില്‍ക്കുന്നത്. സ്തനാര്‍ബുദ രോഗ വിദഗ്ധയായ മാതാവ് ശ്യാമള 19ാം വയസിലാണ് അമേരിക്കയില്‍ ഇറങ്ങുന്നത്. ഗവേഷണത്തിനെത്തിയ അവര്‍ പിന്നീട് അവിടെ താമസമുറപ്പിച്ചു.
കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലിസ് വംശീയാതിക്രമം നടത്തി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം സൃഷ്ടിച്ചതിന്റെ ആഘാതം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മിനി പൊലിസ് നഗരത്തിലുണ്ടായ സംഭവം അമേരിക്കയാകെ കത്തിപ്പടര്‍ന്ന് ട്രംപ് ഭരണകൂടത്തെ പിടിച്ചുലക്കി. പുറമെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയും കെടുകാര്യസ്ഥതയും അമേരിക്കന്‍ സമൂഹത്തെ ഭരണകൂടത്തിന് എതിരാക്കി. 1.65 ലക്ഷം പേര്‍ അവിടെ മാത്രം മരണമടഞ്ഞു. പരാജയം മുന്നില്‍ക്കണ്ട് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ട്രംപ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലും എതിര്‍ത്തു.
ഒടുവില്‍, തെരഞ്ഞെടുപ്പ് സര്‍വേയില്‍ ജോ ബൈഡന്‍ ബഹുദൂരം മുന്നിലാണ്. ഇത്തരമൊരു ആശങ്ക നിലനില്‍ക്കെയാണ് കമലാ ഹാരിസിനെ രംഗത്തിറക്കി ട്രംപിനെതിരേ ആഞ്ഞടിച്ചത്. 13 ലക്ഷം വരുന്ന ഇന്തോ അമേരിക്കന്‍ വംശജരെ മാത്രമല്ല, അതിലേറെ നിര്‍ണായകമായ ആഫ്രോ ഏഷ്യന്‍ വോട്ടുബാങ്ക് കൈയടക്കല്‍ തന്നെയാണ് ഡെമോക്രാറ്റിക് തന്ത്രം. കമലയുടെ പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം.
നേരത്തെ ഇന്ത്യന്‍ വംശജരില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തോടെ ട്രംപ് സംഘടിപ്പിച്ച വന്‍ പരിപാടികളെ കമലാ ഹാരിസിന്റെ കടന്നുവരവ് തകര്‍ത്തെറിയുന്നുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണില്‍ മോദിയോടൊപ്പം ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയും അഹമ്മദാബാദില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയും വോട്ടര്‍മാരായ ഇന്ത്യന്‍ വംശജരെ സ്വാധീനിക്കാനായിരുന്നു. പക്ഷേ, ഇപ്പോള്‍ എല്ലാം തകര്‍ന്നടിഞ്ഞു.
കമലയുടെ വരവ് ട്രംപ് അനുകൂല ഇന്ത്യന്‍ വംശജരെ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും വൈകാതെ ഒതുങ്ങുമെന്നാണു ട്രംപ് വിക്ടറി ഇന്ത്യന്‍ അമേരിക്കന്‍ കാംപയിനിന്റെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അല്‍മാസന്‍ അവകാശപ്പെടുന്നത്. ബൈഡനും കമലയും ഇന്ത്യയ്ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ഇന്ത്യയുടെ സുഹൃത്താണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് കമലാ ഹാരിസ്. ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനു ജോ ബൈഡനോട് ഏറ്റുമുട്ടിയെങ്കിലും പ്രൈമറിയില്‍ വിജയസാധ്യത കാണാതെ പിന്‍മാറി. മികച്ച അഭിഭാഷകയായ കമല, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമലാ ഹരിസിനെ തിരുത്തല്‍വാദിയെന്നു വിമര്‍ശിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."