നിയമസഭാ സമ്മേളനം മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോയതിനാല്‍ 24ന് നടക്കുന്ന നിയമസഭ സമ്മേളനം മാറ്റി വയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ എട്ടിനാണ് ഇവര്‍ കരിപ്പൂര്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ചത്. അതിനാല്‍ നിരീക്ഷണ കാലാവധി 22ന് തീരുമെന്നും തുടര്‍നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അതേസമയം, നാളെ നടക്കുന്ന സഭാ ടി.വിയുടെ ഉദ്ഘാടനം സ്പീക്കറും മുഖ്യമന്ത്രിയും നിരീക്ഷണത്തില്‍ പോയതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയേക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകുന്നതുകൊണ്ട് ഭരണപരമായ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭായോഗം ചേരുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലിരുന്നും മന്ത്രിമാര്‍ വീടുകളിലിരുന്നുമാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത്. ഇ-ഫയല്‍ സംവിധാനമുള്ളതിനാല്‍ ഫയല്‍നോട്ടത്തിനും പ്രശ്നമില്ല. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും നിരീക്ഷണത്തില്‍ പോയതിനാല്‍ ദിവസേനയുള്ള കൊവിഡ് അവലോകന യോഗം ഇനി വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും നടത്തുക. എന്നാല്‍ ദിവസേനയുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."