ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനവിവരങ്ങള്‍ കൈമാറാതെ പൊലിസ്
കോഴിക്കോട്: ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ആഭ്യന്തര വകുപ്പ്. പൊലിസ് സേനക്കുള്ളിലെ അഴിമതി തടയുന്നതിനായാണ് 2009ല്‍ സ്‌ക്വാഡ് രൂപം നല്‍കിയത്.
സേനയില്‍ നടക്കുന്ന അഴിമതി വാര്‍ത്തകള്‍ രഹസ്യസ്വഭാവം പുലര്‍ത്തേണ്ടതാണെന്നും പൊലിസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനിലാണ് ഇത്തരം വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്നുമാണ് പൊലിസ് ആസ്ഥാനത്തുനിന്നുള്ള മറുപടി. എ.ഡി.ജി.പിയായിരുന്ന എസ് അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഐ.ജി, ഡി.ഐ.ജി, രണ്ട് എസ്.പിമാര്‍, മൂന്ന് ഡിവൈ.എസ്.പിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് സ്‌ക്വാഡിന് രൂപം നല്‍കിയിരുന്നത്.
ഡി.ജി.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലിസ് ഘടകങ്ങളില്‍വരെ മിന്നല്‍ പരിശോധന നടത്താനുള്ള അധികാരവും ഇവര്‍ക്കുണ്ട്. പരിശോധന സംബന്ധിച്ച മാസാന്ത്യ റിപ്പോര്‍ട്ടും ത്രൈമാസ റിപ്പോര്‍ട്ടും അവതരിപ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.
എന്നാല്‍, റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കിയ മലപ്പുറം സ്വദേശി അനില്‍ ചെന്ത്രത്തിലിനാണ് സ്‌ക്വാഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന മറുപടി ലഭിച്ചത്. സ്‌ക്വാഡ് രൂപീകരിച്ച് ഏഴ് വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം എങ്ങനെയാണെന്നോ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള അഴിമതികള്‍ കണ്ടെത്തിയെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
മനുഷ്യാവകാശവും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവക്കാന്‍ പാടില്ലെന്ന് വിവരാവകാശ നിയമത്തില്‍ പറയുമ്പോഴാണ് പൊലിസിന്റെ ഈ പ്രതികൂല നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."