രാജ്യസഭാ തെരഞ്ഞെടുപ്പ്: റോഷി വിപ്പ് നല്‍കുമെന്ന് ജോസ് പക്ഷം
സ്വന്തം ലേഖകന്‍
കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ വിപ്പ് നല്‍കാന്‍ ചുമതലപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം.
യു.ഡി.എഫില്‍ നിന്നും പുറത്തായ ശേഷം ഇരുമുന്നണികളുടേയും ഭാഗമല്ലാതെ ഒറ്റയ്ക്ക് നില്‍ക്കുകയെന്ന നിലപാട് തുടരും. ഈ തീരുമാനം പാര്‍ട്ടിയുടെ എല്ലാ രാഷ്ട്രീയ നിലപാടുകള്‍ക്കും ബാധകമാണെന്നും രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കി.
ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുകയോ ആ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പില്‍ എത്തുകയോ ചെയ്താല്‍ ആ വിഷയത്തിലെ ഭരണഘടനാപരമായ അതോറിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമാണെന്നാണ് ജോസ് പക്ഷത്തിന്റെ അവകാശവാദം. പിളര്‍പ്പിന് ശേഷം ഇരുവിഭാഗങ്ങളും നടത്തുന്ന ഭരണഘടനാപരമായതോ, ഭാരവാഹിത്വവുമായി ബന്ധപ്പെട്ടതോ ആയ മാറ്റങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും ജോസ് കെ. മാണിയും കൂട്ടരും വാദിക്കുന്നു.
ഈ സാഹചര്യത്തിലാണ് വിപ്പ് നല്‍കാന്‍ ജോസ് പക്ഷം റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തിയത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ലീഡറായി കെ.എം മാണിയെയും ഡെപ്യൂട്ടി ലീഡറായി പി.ജെ ജോസഫിനെയും സെക്രട്ടറിയായി മോന്‍സ് ജോസഫിനെയും പാര്‍ട്ടി വിപ്പായി റോഷി അഗസ്റ്റിനെയും തെരഞ്ഞെടുത്തിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.പിമാരും എം.എല്‍.എമാരും ഭാഗമായിരുന്നു.
ഈ വിവരം സെക്രട്ടറിയായ മോന്‍സ് ജോസഫ് തന്നെ 2016 ജൂണ്‍ മൂന്നിന് നിയമസഭ സ്പീക്കറെ എഴുതി അറിയിച്ചതാണ്. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി ലീഡറുടെ ഒഴിവ് നികത്തുന്നതിനായി പാര്‍ലമെന്ററി പാര്‍ട്ടി ചേരേണ്ടതുണ്ടെന്നും അതിന് വേണ്ടി സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് തന്നെ 2019 മെയ് 24ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതാണ്. അതാണ് നിയമസഭാ രേഖകളില്‍ നിലനില്‍ക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും പാര്‍ട്ടി വിപ്പ് എന്ന നിലയില്‍ റോഷി അഗസ്റ്റിന്‍ തന്നെ വിപ്പ് നല്‍കുമെന്ന് ജോസ് പക്ഷം വ്യക്തമാക്കുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ വിപ്പ് നല്‍കുമെന്ന് പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് തങ്ങളുടെ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."