ക്രിസ്റ്റ ഇനി പെട്രോളിലും
ധനതത്വശാസ്ത്രത്തില്‍ നിലവിലുള്ള സിദ്ധാന്തങ്ങളൊന്നും ബാധകമാവാത്ത ഒന്നാണ് ടൊയോട്ട ഇന്നോവയുടെ വില്‍പ്പന. വില കൂടുമ്പോള്‍ ഡിമാന്റ് കുറയുമെന്ന പൊതുതത്വമാണ് ഇന്നോവ തെറ്റാണെന്നു തെളിയിച്ചത്. 2005ല്‍ പുറത്തിറങ്ങിയതിനു ശേഷം 60 ശതമാനത്തോളമാണ് ഇന്നോവയുടെ വില ടൊയോട്ട വര്‍ധിപ്പിച്ചത്. എന്നാല്‍ ഒരു തത്വദീക്ഷയുമില്ലാതെ വിലകൂട്ടിക്കൊണ്ടേയിരുന്നിട്ടും വില്‍പനയുടെ ഗ്രാഫ് മുകളിലേക്കു തന്നെയായിരുന്നു. പുതിയ ക്രിസ്റ്റയും ഇതില്‍ നിന്നു വിഭിന്നമല്ല. 15 ലക്ഷത്തിനടുത്താണ് ക്രിസ്റ്റയുടെയും വില.
പക്ഷേ, ഇപ്പോള്‍ ക്രിസ്റ്റയെക്കുറിച്ച് ചോദിച്ചാല്‍ ടൊയോട്ടയ്ക്ക് കാര്യമായ മിണ്ടാട്ടമില്ല. കാരണം തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുന്ന ഇന്നോവ ക്രിസ്റ്റയുടെ പടയോട്ടത്തിന് ഈയടുത്ത് നേരിട്ട തിരിച്ചടിയായിരുന്നു 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും നാഷണല്‍ കാപ്പിറ്റല്‍ റീജനിലും മറ്റും വന്ന നിരോധനം. ഇതേ തുടര്‍ന്ന് സര്‍ക്കാറിനെതിരേ വരെ വിമര്‍ശനങ്ങളുമായി ടൊയോട്ട രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ പുനഃപരിശോധിക്കേണ്ടിവരുമെന്ന് പോലും ഒരു ഘട്ടത്തില്‍ അവര്‍ പറഞ്ഞു. ഏതായാലും ഇപ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ ഇന്നോവ ക്രിസ്റ്റയിലും പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കുകയാണ് ടൊയോട്ട.
പുറത്തിറക്കിയ പരസ്യങ്ങളില്‍ പെട്രോള്‍ മോഡല്‍ 2016 ഓഗസ്റ്റില്‍ എത്തുന്നു എന്ന ഒരു വാചകമല്ലാതെ ഔദ്യോഗികമായി ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. പുതിയ പെട്രാള്‍ മോഡലിനെക്കുറിച്ച് ചോദിച്ചാല്‍ കമ്പനിവക്താക്കള്‍ വരെ മൗനം പാലിക്കുകയാണ്. എന്നാല്‍ ചില ഡീലര്‍മാര്‍ക്ക് കമ്പനി പെട്രോള്‍ മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
166 ബി.എച്ച്.പി കരുത്തുള്ള 2.7 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ ഇന്നോവ ക്രിസ്റ്റയില്‍ എത്തുന്നത്. കഴിഞ്ഞ തലമുറയില്‍പെട്ട ഇന്നോവയ്ക്ക് മിഡില്‍ഈസ്റ്റ് പോലുള്ള രാജ്യങ്ങളില്‍ ഈ എന്‍ജിനായിരുന്നു ഉപയോഗിച്ചിരുന്നത്. 158 ബി.എച്ച്.പി കരുത്തുണ്ടായിരുന്ന ഈ എന്‍ജിനില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയതിനാലാണ് പവര്‍ 166 ബി.എച്ച്.പിയായി വര്‍ധിച്ചത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സിമിഷനുമായും പെട്രോള്‍ ക്രിസ്റ്റ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."