എല്ലാവര്‍ക്കുമറിയാത്ത രാഹുലിനെ പരിചയപ്പെടുത്തി സഹോദരി പ്രിയങ്ക
മാനന്തവാടി: രാഷ്ട്രീയം പറഞ്ഞു, ചരിത്രം തൊട്ടു, അച്ഛനേയും മുത്തശ്ശിയേയും അനുസ്മരിച്ചു, ഒടുവില്‍ പ്രിയപ്പെട്ട സഹോദരിയായി...വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ സഹോദരി... ഒരു നാടിന്റെ തുടിപ്പുകള്‍ തനിമ ചോരാതെ പതിറ്റാണ്ടുകളായി കാക്കുന്ന വള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനത്ത് പൊരിവെയിലിലും തളരാതെ കാത്തിരുന്ന ആയിരങ്ങള്‍ക്ക് മുന്നിലാണ് എല്ലാവര്‍ക്കുമറിയാത്ത രാഹുലിനെ പ്രിയങ്കാ ഗാന്ധി പരിചയപ്പെടുത്തിയത്.
'ഞാന്‍ ജനിച്ചതു മുതല്‍ അറിയുന്ന ഒരാള്‍ക്കുവേണ്ടി ഒരു സഹോദരിയായിട്ടു കൂടിയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് '. പ്രസംഗ മധ്യത്തില്‍ വിഷയം രാഷ്ട്രീയത്തില്‍ നിന്നുമാറി രാഹുലിലേക്ക് ചുരുങ്ങിയത് കരഘോഷത്തോടെയാണ് സദസ് കാതോര്‍ത്തത്. കഴിഞ്ഞ 10 വര്‍ഷമായി രാഹുല്‍ ഗാന്ധി നേരിടുന്ന വ്യക്തിഹത്യയും അതിനെ അതിജീവിച്ചും സധൈര്യം മുന്നോട്ടുപോകുന്ന അദ്ദേഹത്തിന്റെ കഴിവും പറഞ്ഞായിരുന്നു തുടക്കം. എതിരാളികള്‍ പ്രചരിപ്പിക്കുന്നതല്ല യഥാര്‍ത്ഥ രാഹുലെന്നും അദ്ദേഹവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഈ സാഹചര്യത്തിലാണ് സഹോദരനെ കുറിച്ച് അല്പം കാര്യങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ബാല്യകാലം മുതല്‍ പറഞ്ഞു തുടങ്ങി, മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടേയും പിതാവ് രാജീവ് ഗാന്ധിയുടേയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടായ സമയത്തെ രാഹുല്‍ ഗാന്ധിയുടെ സമീപനവും സദസിന് മുന്നില്‍ വിവരിച്ച പ്രിയങ്ക, നീതി..സത്യം..സമത്വം എന്നിവയില്‍ അടിയുറച്ച് വിശ്വസിക്കുന്ന സഹോദരനെ കുറിച്ച് വാചാലയായി.
കാല്പന്തുകളിയെ സ്നേഹിക്കുന്ന, പരിശീലനം നേടിയ പൈലറ്റായ, കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ, 75 മീറ്റര്‍ ഉയരത്തില്‍ നിന്ന് വരെ ഡൈവു ചെയ്യാനറിയുന്ന, ലോകം മുഴുവന്‍ സഞ്ചരിച്ച് വിവിധ സംസ്കാരങ്ങളേയും ജനങ്ങളേയും കുറിച്ച് പഠിക്കുന്ന, വിവിധ മതങ്ങളെ കുറിച്ച് ആഴത്തില്‍ വായിച്ച രാഹുലെന്ന വ്യക്തിയെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു പ്രിയങ്ക. നിങ്ങളുടെ വിശ്വാസം കാക്കാന്‍ എന്നും നിങ്ങളോടൊപ്പം രാഹുലുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് അവര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കാന്‍ ഹെലിപാഡിലേക്ക് പോകുന്നതിനിടെ വാഹനം നിര്‍ത്തി ജനങ്ങള്‍ക്കിടയിലിറങ്ങി അഭിവാദ്യം ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."