കൊവിഡ്: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ സെല്‍ തുറക്കുന്നു
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടി പ്രത്യേക കണ്‍ട്രോള്‍ സെല്‍ ആരംഭിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം ആയിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ കാര്യങ്ങള്‍ക്ക് ആയിരിക്കും കണ്‍ട്രോള്‍ സെല്‍ മുന്‍തൂക്കം നല്‍കുക.
കളമശ്ശേരി ഗവ. ഐ.ടി.ഐ കേന്ദ്രീകരിച്ചായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം ഐ.ടി.ഐ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിനായി ഏറ്റെടുത്തിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം കോളജ് പ്രിന്‍സിപ്പല്‍ ഒരുക്കും.
അസിസ്റ്റന്റ് കലക്ടര്‍ ചെയര്‍മാന്‍ ആയുള്ള ഒരു കമ്മിറ്റി കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ ആയിരിക്കും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസര്‍.
രണ്ട് ഷിഫ്റ്റുകളില്‍ ആയിരിക്കും സെല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ആറ് മുതല്‍ ഉച്ചക്ക് രണ്ട് വരെയും, രണ്ട് മുതല്‍ വൈകീട്ട് 10 വരെയും. ഓരോ ഷിഫ്റ്റിലും പത്തു പേര്‍ വീതമുണ്ടാകും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടെലി മെഡിസിന്‍ സംവിധാനം ഡി.എം.ഒ ക്രമീകരിക്കും.
വയോമിത്ര യൂനിറ്റുകളെ സെല്ലിന്റെ പ്രവര്‍ത്തനത്തിനായി യഥാവിധം ഉപയോഗപ്പെടുത്തും. വയോമിത്ര കോഡിനേറ്റര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ മുതിര്‍ന്ന പൗരന്മാരെ വീട്ടില്‍ എത്തി സന്ദര്‍ശിക്കും.
കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ വഴി മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹോം ഡെലിവറി സംവിധാനം നടപ്പാക്കും. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയോ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."