ബി.ജെ.പി പ്രവര്‍ത്തകന്റെ കൊല; പ്രതികളെ അറസ്റ്റു ചെയ്യാനാവാതെ പൊലിസ്
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ അന്നൂരിലെ സി.കെ രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റു വൈകുന്നു. കേസില്‍ അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്തുന്നതിലും അറസ്റ്റു ചെയ്യുന്നതിലും പൊലിസ് ആശയക്കുഴപ്പത്തിലാണ്.
രാമചന്ദ്രന്റെ ഭാര്യയുടെ നിര്‍ണായക മൊഴിയാണ് പൊലിസിനെ കുഴയ്ക്കാനുള്ള പ്രധാന കാരണം. കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലിസ് തയ്യാറായിട്ടില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ചില സി.പി.എം പ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടിയാലും മൊഴിയുടെ അടിസ്ഥാനത്തിലുള്ള രണ്ട് സി.പി.എം നേതാക്കളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ 11ന് രാത്രി കുന്നരു കാരന്താട് സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അന്നൂരിലെ രാമചന്ദ്രനും വെട്ടേറ്റു മരിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടന്ന രാമചന്ദ്രനെ വാതില്‍ പൊളിച്ച് അകത്തു കയറിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രാമചന്ദ്രന്റെ അമ്മയുടെയും ഭാര്യയുടെയും പരാതിയില്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞതായി നേരത്തെ സൂചനയുണ്ട്. എന്നാല്‍ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലിസ് തയ്യാറായിട്ടില്ല.
രണ്ട് കൊലപാതകങ്ങളിലും പ്രതികളായവരെ ഒന്നിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു പൊലിസ് ആദ്യഘട്ടത്തില്‍ നീക്കം നടത്തിയത്. എന്നാല്‍ പിന്നീടിത് മാറ്റുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അതിനിടെ കൊലപാതക കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുമെന്ന് അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി.
പൊലിസാകട്ടെ പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണെന്നാണെന്നാണ് പറയുന്നത്. പലരും ഒളിവിലാണെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും പൊലിസ് അറിയിച്ചു.
അറസ്റ്റ് വൈകുന്നതിലെ പ്രതിഷേധം ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം അന്വേഷണ ചുമതലയുള്ള ശ്രീകണ്ഠാപുരം സി.ഐ സി.എ അബ്ദുല്‍ റഹീമിനെ അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."