HOME
DETAILS
MAL
പൊലിസ് കസ്റ്റഡിയിലെ തൂങ്ങിമരണം; ജില്ലാ പൊലിസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
August 18 2020 | 02:08 AM
തിരുവനന്തപുരം: ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലിരുന്ന യുവാവ് ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലിസിന് വീഴ്ചയെന്ന് പ്രാഥമിക നിഗമനം. പൂന്തുറ സ്വദേശി അന്‍സാരിയാണ് (38) ഫോര്‍ട്ട് പൊലിസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ശിശുസൗഹൃദ ജനമൈത്രി കേന്ദ്രത്തിന്റെ ശുചിമുറിയില്‍ ഞായറാഴ്ച രാത്രി തൂങ്ങി മരിച്ചത്. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടിച്ച് പൊലിസിലേല്‍പിച്ച യുവാവിന്റെ വിവരങ്ങള്‍ ജനറല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതിരുന്നതാണ് പൊലിസിന് കുരുക്കായത്.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ ഇന്നലെ സ്റ്റേഷനില്‍ തെളിവെടുപ്പും നടത്തി. അന്‍സാരിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ, മര്‍ദിച്ചതിന്റെ മുറിവോ ചതവോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് അന്‍സാരിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ചായക്കടയിലെ തൊഴിലാളിയുടെ മൊബൈല്‍ മോഷ്ടിച്ചതിനാണ് ഇയാളെ നാട്ടുകാര്‍ പിടിച്ച് പൊലിസില്‍ ഏല്‍പിച്ചത്. മൊബൈല്‍ തിരികെ ലഭിച്ചതിനാല്‍ പരാതിക്കാരന്‍ രേഖാമൂലം പരാതിയും നല്‍കിയില്ല. ഇതിനാല്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച യാതൊരു രേഖകളും സ്റ്റേഷനില്ല. ഇതാണ് പൊലിസിനെ വെട്ടിലാക്കിയത്.
പോക്‌സോ അടക്കം ആറ് കേസുകളിലെ പ്രതിയായ ഇയാളെ മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊവിഡ് ജാഗ്രതയുടെ ഭാഗമായി സ്റ്റേഷനോട് ചേര്‍ന്നുള്ള ശിശു സൗഹൃദ ജനമൈത്രി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്ന് പൊലിസ് പറയുന്നു. കരിമഠം കോളനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരും ഇയാള്‍ക്കൊപ്പം ഇവിടെ ഉണ്ടായിരുന്നു. രണ്ട് ഹോം ഗാര്‍ഡുമാര്‍ക്കായിരുന്നു അന്‍സാരിയുടെ ചുമതല. എന്നാല്‍, ശുചിമുറിയിലേക്ക് പോയ അന്‍സാരി ഏറെനേരം കഴിഞ്ഞ് പുറത്തേക്ക് വരാതിരുന്നതോടെ രാത്രി 9.45 ഓടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൈപ്പ് ഒടിച്ച് മുണ്ടില്‍ കെട്ടി എയര്‍ ഹോളിലൂടെ പുറത്തേക്കിട്ടായിരുന്നു ഇയാള്‍ തൂങ്ങിയത്. അന്‍സാരിക്ക് മര്‍ദനമേറ്റില്ലെന്ന് സംഭവസമയത്ത് കസ്റ്റഡിയിലുണ്ടായിരുന്ന റാഫി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."