പ്രിയങ്കരിയായി പ്രിയങ്ക
ഷെമീര്‍ മാനന്തവാടി
മാനന്തവാടി: സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണാര്‍ഥം പ്രിയങ്ക ഗാന്ധി മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ജനമനസുകളിലേക്ക് പ്രിയങ്കരിയായി പറന്നിറങ്ങുകയായിരുന്നു.
ജില്ലയിലെ പ്രചാരണ പരിപാടികളുടെ സമയക്രമ പ്രകാരം 10.30 നായിരുന്നു വള്ളിയൂര്‍ക്കാവിലെ പൊതുയോഗം. എന്നാല്‍ രാവിലെ എട്ട് മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങള്‍ വള്ളിയൂര്‍ക്കാവിലേക്ക് ഒഴുകിയെത്തുകയായിരുന്നു. 9.30 ഓടെ പൊലിസ് ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇതോടെ ജില്ലക്ക് പുറത്ത് നിന്നും ജില്ലക്കകത്തുമുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കിലോമീറ്ററുകളോളം നടന്ന് സമ്മേളന സ്ഥലത്തേക്ക് എത്തുകയായിരുന്നു.
എന്നാല്‍ പ്രിയങ്കയുടെ വരവ് നീണ്ട് പോയത് പൊതുജനത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെങ്കിലും പ്രിയങ്കയെ കാണാനുള്ള ആവേശത്തില്‍ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങളില്‍ നിന്നും ഒരടി പോലും മാറാതെ ഇരിപ്പുറപ്പിക്കുകയായിരുന്നു. വെയിലിന്റെ കാഠിന്യം കൂടി വന്നതോടെ ദാഹജലം ലഭിക്കുന്നതിനായുള്ള ആവശ്യങ്ങളും സദസില്‍ നിന്നും ഉയര്‍ന്ന് തുടങ്ങി. ഇതിനിടയില്‍ സദസില്‍ ആദിവാസി വിഭാഗങ്ങളുടെ തുടിയും, റോഡില്‍ കരയാട്ടവും ,ബാന്റ് മേളവും അരങ്ങേറിയതും ആളുകള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. 12.15 ഓടുകൂടി പ്രിയങ്കയെയും വഹിച്ച് കൊണ്ടുള്ള ഹെലിക്കോപ്റ്റര്‍ മാനത്ത് കണ്ടതോടെ ജനങ്ങളുടെ ആവേശം അണപ്പൊട്ടി. വള്ളിയൂര്‍ക്കാവ് ദേവസ്വം വക സ്ഥലത്ത് പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രിയങ്ക കാല്‍നടയായി രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം വേദിക്കരികിലെത്തി ഇവിടെ കാത്ത് നിന്നിരുന്ന യു.ഡി.എഫ് നേതാക്കളെയും ഭാരവാഹികളെയും ഹസ്തദാനം നല്‍കി പരിചയപ്പെട്ട ശേഷം വേദിയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് മോദി ഭരണകൂടത്തെ വിമര്‍ശിച്ചും കോണ്‍ഗ്രസ് വിജയിച്ചാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും , സ്വന്തം സഹോദരനെ കുറിച്ചും അരമണിക്കൂര്‍ നീണ്ട പ്രസംഗം. വേദിക്കരികില്‍ ഹെലിപ്പാഡിലേക്ക് പോകുന്നതിനുള്ള വാഹനം തയാറാക്കി നിര്‍ത്തിയിരുന്നുവെങ്കിലും മണിക്കൂറുകളോളം തന്നെ കാത്ത് പൊരിവെയിലത്ത് ഇരിപ്പിടം പോലും ഇല്ലാതെ റോഡരികില്‍ കാത്ത് നിന്നവര്‍ക്കിടയിലേക്ക് എല്ലാ സുരക്ഷ വിലക്കുകളും ലംഘിച്ച് പ്രിയങ്ക നടന്നടുത്തത് എസ്.പി.ജിയെ പോലും അമ്പരപ്പിച്ചു. ഇതോടെ വേദിക്ക് മുന്നില്‍ ഇരിക്കുകയായിരുന്നവര്‍ പോലും റോഡരികിലേക്ക് പാഞ്ഞടുത്തു. തനിക്ക് ഹസ്തതദാനം നല്‍കിയവരെ നിരാശരാക്കാതെ പ്രിയങ്ക തിരിച്ചും ഹസ്തദാനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."