ഡബ്ല്യു.എം.ഒയുടെ തണലില്‍ 39 യുവതികള്‍ കൂടി സുമംഗലികളായി
മുട്ടില്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ അനാഥര്‍ക്ക് കൈത്താങ്ങായ വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ തണലില്‍ 39 യുവതികള്‍ കൂടി സുമംഗലികളായി. സ്വദേശത്തെയും വിദേശത്തെയും സുമനസുകളുടെ സഹകരണത്തോടെ യതീംഖാന നടത്തിയ വിവാഹ സംഗമം നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ പ്രദേശത്തുകാരും യതീംഖാന ബന്ധുക്കളും മുന്നിട്ടിറങ്ങിയതോടെ പരിപാടി ഗംഭീര വിജയവുമായി. സ്ത്രീധനമോ മറ്റു ഉപാധികളോ ഇല്ലാതെ വിവാഹത്തിന് തയാറായ വരെ സ്‌ക്രീനിങ് കമ്മിറ്റിയാണ് കണ്ടെത്തിയത്. വധുവിന് അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും വരന് ഒരു പവന്‍ സമ്മാനവും വിവാഹവസ്ത്രവും നല്‍കി. ചടങ്ങിന് സദ്യയും ഒരുക്കിയിരുന്നു.
ജില്ലക്കകത്തും പുറത്തും നിന്നുള്ള ഉദാരമതികളും ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഫോസ്‌മോ ഗള്‍ഫ് ചാപ്റ്ററുമാണ് വിവാഹ ചെലവുകള്‍ വഹിച്ചത്. പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉത്‌ബോധനവും റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുതുബയും നിര്‍വഹിച്ചു.
ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലില്‍ നടന്ന ആറ് ഹൈന്ദവ സഹോദരിമാരുടെ വിവാഹത്തിന് വര്‍ക്കല ഗുരുകുലാശ്രമം ഗുരുസ്വാമി തന്മയാനന്ദ മുഖ്യ കാര്‍മികത്വം വഹിച്ചു. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, സുരേന്ദ്രന്‍ ആവൈത്താന്‍ സംസാരിച്ചു. കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ നടന്ന വിവാഹ സംഗമങ്ങളിലായി 853 യുവതികളാണ് യതീംഖാന മുഖേന ദാമ്പത്യ ജീവിതത്തിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."