HOME
DETAILS
MAL
കൊവിഡ് ദുരിതകാലത്ത് തട്ടിപ്പുകാര്‍ പുതുവഴി തേടുന്നു; ഗൃഹോപകരണങ്ങളുടെ വാറണ്ടി കൂട്ടാമെന്ന് ഫോണില്‍ വിളിച്ചും തട്ടിപ്പ്
backup
August 18 2020 | 04:08 AM
കോഴിക്കോട്: ഗൃഹോപകരണങ്ങളുടെ വാറണ്ടി കാലാവധി പുതുക്കിത്തരാമെന്ന വാഗ്ദാനവുമായി കൊവിഡ് കാലത്ത് പുതിയ തട്ടിപ്പ്. ഫോണ്‍, ഇ-മെയില്‍ വഴിയാണ് വ്യാപകമായ തട്ടിപ്പ്. ഇതില്‍ പലരും അകപ്പെടുകയും ചെയ്തു.
ഉപകരണങ്ങള്‍ നിര്‍മിച്ച കമ്പനിയുടെ പ്രതിനിധി എന്ന പേരിലും ഓഫിസില്‍ നിന്നുമെന്നൊക്കെപ്പറഞ്ഞാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. വാറണ്ടി ഒരു വര്‍ഷം നീട്ടി നല്‍കാമെന്ന് പറഞ്ഞാണ് ഫോണ്‍ വരിക. നിശ്ചിത സംഖ്യ അതിനായി നല്‍കണമെന്നും ആവശ്യപ്പെടും. തങ്ങളയക്കുന്ന മെയിലില്‍ ഉള്ള അക്കൗണ്ടില്‍ പണമിടാനാണ് നിര്‍ദ്ദേശം. സത്യമാണെന്ന് കരുതി അക്കൗണ്ടില്‍ പണം ഇടുന്നവര്‍ പിന്നീട് വാറന്റി കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഉപകരണം കേടായെങ്കില്‍ മാത്രമെ തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നതു പോലും അറിയൂ.
കുറ്റ്യാടി കായക്കൊടിയിലെ ഒരു ഉപഭോക്താവിനെ തേടി കഴിഞ്ഞ ദിവസം തട്ടിപ്പ് സംഘത്തിന്റെ വിളിയെത്തി. താങ്കളുടെ വാഷിങ് മെഷിനിന്റെ വാറണ്ടി നാളെ തീരുമെന്നും വാറന്റി ഒരു വര്‍ഷം നീട്ടാന്‍ 2000 രൂപ തങ്ങളാവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നുമായിരുന്നു നിര്‍ദേശം. വാഷിങ് മെഷിന്‍ ഇതു വരെ മെയിന്റനന്‍സ് ഒന്നും വേണ്ടി വന്നില്ലെന്നും ഇനി വന്നാല്‍ തന്നെ 2000 രൂപയുടെ റിപ്പയറിങ് നടത്തുന്ന തകരാറ് ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും ഉപഭോക്താവ് മറുപടി പറഞ്ഞെു.എന്നാല്‍ ഫോണില്‍ സംസാരിച്ചയാള്‍ അക്കൗണ്ടില്‍ പണം ഇടാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. തട്ടിപ്പാണെന്ന് സംശയം തോന്നിയതിനാല്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
പിന്നീട് കമ്പനിയുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചപ്പോഴാണ് സംഗതി തട്ടിപ്പാണെന്ന് വ്യക്തമായത്. ഇലക്ട്രോണിക്‌സ് കമ്പനികള്‍ പലപ്പോഴും വാറണ്ടി നീട്ടി നല്‍കാറുണ്ട്. ഫോണില്‍ വിളിച്ച് അവര്‍ ഇത് സംബന്ധിച്ച് ഉപഭോക്താക്കളെ അറിയിക്കാറുമുണ്ട്. പക്ഷെ 1800 ല്‍ തുടങ്ങുന്ന ടോള്‍ഫ്രീ നമ്പറില്‍ നിന്ന് മാത്രമെ ഉപഭോക്താക്കളെ വിളിക്കാറുള്ളൂവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. തന്നെ വാറന്റി നീട്ടി നല്‍കാമെന്ന് പറഞ്ഞ് വിളിച്ച ഫോണ്‍ നമ്പര്‍ കമ്പനിയധികൃതര്‍ക്ക് നല്‍കിയതായും ഉപഭോക്താവ് പറഞ്ഞു. അതേ സമയം വാറന്റി നീട്ടി നല്‍കാമെന്ന് പറഞ്ഞ് വിളിക്കുന്ന നമ്പറുകളിലേക്ക് അങ്ങോട്ട് വിളിച്ചാല്‍ എടുക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."