സ്വകാര്യബസുകളില്‍ ജി.പി.എസ് സംവിധാനം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യബസുകളില്‍ തുടങ്ങാന്‍ തീരുമാനിച്ച ജി.പി.എസ് സംവിധാനം അടുത്തമാസംമുതല്‍ പ്രാബല്യത്തില്‍ വരും. ജി.പി.എസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ട്രാക്കിങ് യൂനിറ്റുകളാണ് ബസുകളില്‍ സ്ഥാപിക്കുന്നത്. വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുക, വേഗത നിയന്ത്രിക്കുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പത്തെ വാഹനത്തിന്റെ വേഗത അധികൃതര്‍ക്ക് ലഭിക്കുമെന്നത് സംവിധാനത്തിന്റെ പ്രത്യേകതയാണ്. വാഹനം ഉപയോഗിക്കുന്ന രീതിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഈ പദ്ധതിയിലൂടെ ശേഖരിക്കാനാകും.
സംസ്ഥാനത്തെ 16,000 ബസുകളിലാണ് സംവിധാനം നടപ്പാക്കുക. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആര്‍.ടി ഓഫിസുകളില്‍ പുരോഗമിക്കുകയാണ്. ജില്ലാതലത്തില്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചുകഴിഞ്ഞു. ബസുകളുടെ റൂട്ട് നിരീക്ഷിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകളും അനുബന്ധ കംപ്യൂട്ടര്‍ സംവിധാനങ്ങളും ആര്‍.ടി ഓഫിസില്‍ സ്ഥാപിച്ചുവരികയാണ്.
സംസ്ഥാനത്തെ എല്ലാ ആര്‍.ടി ഓഫിസുകളില്‍ നിന്നും ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ഒരു സീനിയര്‍ ക്ലാര്‍ക്കും പങ്കെടുക്കുന്ന ക്ലാസുകള്‍ നാളെ തിരുവനനന്തപുരത്ത്് നടക്കും. മൊത്തത്തില്‍ ഒന്നര കോടി രൂപയാണ് സര്‍ക്കാറിന് ചെലവുവരുന്നത്. എന്നാല്‍ ട്രാക്കിങ് യൂനിറ്റിന്റെ വിലയായ 5,000 രൂപ ബസുടമകള്‍ വഹിക്കണം.
സംവിധാനം ഘടിപ്പിക്കുന്നതോടെ ഏതു പ്രദേശത്തുള്ള ബസുകളുടെയും വിവരങ്ങള്‍ കൃത്യമായി കണ്‍ട്രോള്‍ മുറിയില്‍ ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നതിനാല്‍ സ്ത്രീകളുടെ രാത്രിയാത്ര ഉള്‍പ്പെടെ സുരക്ഷിതമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ബസിലെ മുഴുവന്‍ വിവരങ്ങളുടെയും വീഡിയോ റെക്കോര്‍ഡിങ്, അപകട സൂചന അറിയിക്കുന്നതിന് സ്ത്രീകളുടെ സീറ്റിനുസമീപം പാനിക് ബട്ടണുകള്‍, വേഗനിയന്ത്രണത്തിന് സംവിധാനം എന്നിവയുള്‍പ്പെടുന്നതാണ് ട്രാക്കിങ് യൂനിറ്റ്. വേഗപ്പൂട്ടുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അമിതവേഗത്തിനു വേണ്ടി അതു തകരാറിലാക്കിയാലും ബസുകള്‍ കുടുങ്ങും.
ഇതിനുപുറമേ വേഗതനിയന്ത്രണമുളള റോഡുകളിലെത്തിയാല്‍ സ്വയം വേഗത നിയന്ത്രിക്കാനുമാകും. നേരത്തേ 200 കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്‌കൂള്‍ ബസുകളിലും സ്ഥാപിക്കാന്‍ നടപടിയെടുത്തിരുന്നു. സംവിധാനം പ്രാബല്യത്തില്‍ വന്നാല്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരേ തടയിടാനാകുമെന്നും അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന മത്സരയോട്ടങ്ങള്‍ നിയന്ത്രിക്കാനാകുമെന്നും മലപ്പുറം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.എം ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."