'വോട്ടോര്‍മ'യില്‍ എന്തെല്ലാം കൗതുകങ്ങള്‍
ചെറുവത്തൂര്‍: 'പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നു ആദ്യ വോട്ട്. അന്ന് എല്ലാരേയും വരി വരിയായി നിര്‍ത്തിക്കും. ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേര് പറയുമ്പോള്‍ കൈ പൊക്കണം...'', തൊണ്ണൂറു പിന്നിട്ട അമ്പുവേട്ടന്‍ ആദ്യ തെരഞ്ഞെടുപ്പ് ഓര്‍മകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കേട്ടിരുന്നവരില്‍ കൗതുകം. കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം വയോജന വേദിയുടെയും സ്‌പോര്‍ട്‌സ് ക്ലബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വോട്ടോര്‍മ' യിലാണ് പഴയകാല തെരഞ്ഞെടുപ്പിന്റെ ഓര്‍മകള്‍ നിറഞ്ഞത്. പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് ഓര്‍മകള്‍ പങ്കുവച്ചത്.
നികുതിരസീത് കൊണ്ടുപോയാല്‍ മാത്രം വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്ന കാലം. ബാലറ്റ് പെട്ടിയില്‍ നിറങ്ങള്‍ നോക്കി വോട്ടുരേഖപ്പെടുത്തിയതും പിന്നീട് ചിഹ്നം പതിച്ച ബാലറ്റ് പെട്ടി എത്തിയതും എല്ലാം എം.വി കോമന്‍ നമ്പ്യാര്‍ പറഞ്ഞപ്പോള്‍ സദസിലുള്ളവരും അനുഭവങ്ങള്‍ ചേര്‍ത്തുവച്ചു. പ്രചാരണ വിശേഷങ്ങളാണ് ഏറെ ആവേശം നിറച്ചത്. രാത്രി സമയങ്ങളില്‍ നടക്കുന്ന ചെറിയ ജാഥകള്‍, കുന്നിന്‍ മുകളില്‍ കയറി മൈക്രോഫോണും നിലവിളക്കിന്റെ അടിഭാഗവും ഉപയോഗിച്ചുള്ള വിളിച്ചു പറയല്‍ എല്ലാം തെരഞ്ഞെടുപ്പിന്റെ നല്ല ഓര്‍മകളായി പങ്കുവയ്ക്കപ്പെട്ടു.
കയ്യാലകളിലെ ചുമരെഴുത്തായിരുന്നു അന്നത്തെ മറ്റൊരു പ്രചാരണ രീതി. മണ്ണുകൊണ്ടുള്ള കയ്യാലയില്‍ ചാണകം മെഴുകും. പെയിന്റ് സുലഭമല്ലാത്ത കാലത്ത് കിണര്‍ കുഴിക്കുമ്പോള്‍ ലഭിക്കുന്ന ചേടിമണ്ണാണ് എഴുത്തിനായി ഉപയോഗിച്ചിരുന്നത്. ഏറ്റവും ഉയരമുള്ള മരത്തില്‍ കൊടി കെട്ടുന്നതും തെരഞ്ഞെടുപ്പ് ഫലമറിയാന്‍ റേഡിയോ ഉള്ള വീടുകളില്‍ ആളുകള്‍ തടിച്ചുകൂടുന്നതുമെല്ലാം അത്ഭുതത്തോടെയാണ് പുതിയ തലമുറ കേട്ടത്. പഴയകാല മുദ്രാവാക്യങ്ങളും പ്രചാരണത്തിനായി ആവേശത്തോടെ പാടിയ പാട്ടുകളുമെല്ലാം പഴയതലമുറയില്‍പെട്ടവര്‍ ഓര്‍ത്തെടുത്തു. പ്രചാരണത്തിന് ആദ്യമായി രാഷ്ട്രീയപൂരക്കളി അരങ്ങേറിയത് കൊടക്കാട് ഗ്രാമത്തിലായിരുന്നു. അന്ന് വരികളെഴുതിയ കൊടക്കാട് രാഘവന്‍ വരികള്‍ ഓര്‍ത്തെടുത്ത് പാടി. അബ്ദുല്‍ ഖാദര്‍, കോട്ടേന്‍ ഗോപാലന്‍, പി.കെ ലക്ഷ്മി, സി.വി നാരായണന്‍, കെ. കൃഷ്ണന്‍ തുടങ്ങിയവരും ഓര്‍മകള്‍ പങ്കുവെച്ചു.
വോട്ടിങ് മെഷീനും വി വി പാറ്റും സമൂഹ മാധ്യങ്ങളിലൂടെയുള്ള ഹൈടെക് പ്രചരണങ്ങളിലും എത്തിനില്‍ക്കുന്ന പുതിയകാലത്ത് ഇന്നലെകളിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ നൂറ്റിയമ്പതോളം പേരെത്തി.
വിനയന്‍ പിലിക്കോട് മോഡറേറ്ററായിരുന്നു. കെ. നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു. 'രാജാവ് നഗ്ന നാണ്' തെരുവ് നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."