ഐ.എസ് ബന്ധമാരോപിച്ച് ബംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍
ബംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബംഗളൂരുവിലെ യുവഡോക്ടറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തു. എം.എസ്. രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബസവനഗുഡി സ്വദേശിയുമായ അബ്ദുല്‍ റഹ്മാനെ (28)യാണ് അറസ്റ്റുചെയ്തത്.
അക്രമത്തിനിടെ പരിക്കേല്‍ക്കുന്ന ഐ.എസ്. ഭീകരര്‍ക്ക് ചികിത്സ ലഭിക്കുന്നതിനും ആയുധങ്ങള്‍ ലഭ്യമാക്കുന്നതിനും മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുല്‍ റഹ്മാനെന്നാണ് എന്‍.ഐ.എ. പറയുന്നത്. ഐ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കശ്മീരി ദമ്പതിമാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
അബ്ദുല്‍ റഹ്മാനെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ധീഖ് എന്നിവരെയും അറസ്റ്റുചെയ്തതായി എന്‍.ഐ.എ. വക്താവ് സോണിയ അഗര്‍വാള്‍ പറഞ്ഞു.
അബ്ദുല്‍ റഹ്മാന് താമസിച്ച ബംഗളൂരുവിലെ വീട് അടക്കം മൂന്ന് സ്ഥലങ്ങളില്‍ കര്‍ണാടക പൊലിസിന്റെ സഹായത്തോടെ എന്‍.ഐ.എ. റെയ്ഡ് നടത്തി. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, ഡിജിറ്റല്‍ രേഖകള്‍ എന്നിവ പിടിച്ചെടുത്തു. അബ്ദുല്‍ റഹ്മാനെ ഡല്‍ഹി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."