കുടിവെള്ള പ്രശ്നത്തിന് പരിഹാരം
ആലപ്പുഴ: മാവേലിക്കരയില്‍ നടന്ന കലക്ടറുടെ സേവനസ്പര്‍ശം പരിപാടിയില്‍ തഴക്കര പഞ്ചായത്ത് 17ാം വാര്‍ഡില്‍ അഞ്ചുമൂലം പറമ്പിനു പടിഞ്ഞാറുവശം അമ്പതോളം കുടുംബങ്ങള്‍ക്കു കുടിവെള്ളം ലഭ്യമാക്കാന്‍ അടിയന്തിര തീരുമാനമായി. മൂന്നുമാസമായി വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈനില്‍ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ ഒപ്പിട്ട പരാതിയുമായി സേവനസ്പര്‍ശത്തില്‍ എത്തിയത്. ഒരുവാല്വ് അഞ്ചുമൂലംപറമ്പ് ജങ്ഷനില്‍ സ്ഥാപിച്ചാലെ താല്‍ക്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിയുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാല്‍വ് തങ്ങള്‍ വാങ്ങിത്തരാമെന്നും എത്രയും വേഗം അത് ഘടിപ്പിച്ച് പ്രശ്ന പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അംഗീകരിച്ചു.
വേനല്‍ക്കാലമായതിനാല്‍ തടസവാദങ്ങള്‍ പറയാതെ കുടിവെള്ളം എത്തിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. വര്‍ഷങ്ങളായി പരിഹാരം കാണാതെ കിടന്ന നിരവധി സര്‍വ്വേ പരാതികള്‍ക്കും അദാലത്തില്‍ പരിഹാരമായി. ചെന്നിത്തല 10ാം വാര്‍ഡില്‍ പണികഴിപ്പിച്ച വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ ദിവസ വേതനത്തിനായി നിയമിച്ചവര്‍ക്കു വാട്ടര്‍ അതോറിട്ടി നിര്‍ദേശിച്ച തുടര്‍ ജോലികള്‍ നിര്‍വഹിച്ചശേഷവും ലഭിക്കേണ്ട ശമ്പളം സമയത്ത് ലഭിക്കുന്നില്ല എന്ന പരാതിയുമായി തൊഴിലാളികള്‍ അദാലത്തിലെത്തി.
മാവേലിക്കര വാട്ടര്‍ അതോറിട്ടിയുടെ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തതിന്റെ പണമാണ് കുടിശികയായതായി പരാതിയില്‍ പറയുന്നത്. എത്രയും പെട്ടെന്ന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെയ്ത ജോലിക്ക് പണം നല്കാന് കലക്ടര്‍ വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."