വ്യക്തിത്വ വികസനത്തിന് സ്‌കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം : പി.ജെ ജോസഫ്
തൊടുപുഴ: കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള വ്യക്തിത്വത്തിന്റെ സമഗ്ര വികസനത്തിന് വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജെ.ആര്‍.സി കേഡറ്റുകളെ ആദരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി, സ്‌കൗട്ട് ആന്റ് ഗൈഡ്, ജെ.ആര്‍.സി., പരിസ്ഥിതി ക്ലബ്ബ്, മീഡിയ ക്ലബ്ബ്, വിവിധ പഠനക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ക്ലബ്ബുകളിലെ പരിശീലനം നന്മ ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുമെന്നും ജോസഫ് പറഞ്ഞു.
എല്ലാ കുട്ടികളും ഏതെങ്കിലും ക്ലബ്ബില്‍ അംഗമാകണമെന്നും നിര്‍ദ്ദേശിച്ചു. എ പ്ലസ് നേടിയ ജെ.ആര്‍.സി. കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. ജെ.ആര്‍.സി. നടത്തുന്ന ജീവന്‍രക്ഷാ ദൗത്യങ്ങള്‍ സാമൂഹ്യമാറ്റത്തിന് പ്രയോജനകരമാണ്. മനുഷ്യ ജീവിതത്തെ ഇല്ലാതാക്കുന്ന എല്ലാതരത്തിലുമുള്ള ലഹരികള്‍ക്കുമെതിരെ പോരാടണമെന്നും ലഹരിവിരുദ്ധ സംസ്‌കാരത്തിനായി പ്രവര്‍ത്തിക്കണമെന്നും പി.ജെ. ജോസഫ് അഭ്യര്‍ത്ഥിച്ചു.
സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്ദു പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി ജില്ലാപ്രസിഡന്റ് ജെയിംസ് ടി മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാസെക്രട്ടറി വര്‍ഗീസ് വെട്ടിയാങ്കല്‍ ജീവന്‍ രക്ഷാദൗത്യ സന്ദേശം നല്‍കി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്സ, യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എം ദേവസ്യാച്ചന്‍, പി.റ്റി.എ പ്രസിഡന്റ് പി.ജി മോഹനന്‍, എം.പി.റ്റി.എ പ്രസിഡന്റ് ആലീസ് ടോം, സ്റ്റാഫ് സെക്രട്ടറി പി. ജെ ജോസ്, സോണറ്റ് ബിജു, തോമസ് ജോസ്, സിസ്റ്റര്‍ മോളി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ക്ലബ്ബ് ഭാരവാഹികളും അധ്യാപകരും ജെ.ആര്‍.സി കൗണ്‍സിലര്‍മാരും പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."