വയോധികന്റെ മരണം: മോഷ്ടാവ് അറസ്റ്റില്‍
തളിപ്പറമ്പ്: ബക്കളം സ്വദേശിയായ വയോധികനെ തളിപ്പറമ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ചൊക്രാന്റകത്ത് മുഹമ്മദാണ് അറസ്റ്റിലായത്. കഴിഞ്ഞ 16 നാണ് ബക്കളം കാനൂല്‍ സ്വദേശി ചന്ദ്രനെ തളിപ്പറമ്പ് പ്ലാത്തോട്ടത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ തളിപ്പറമ്പ് സി.ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
ചന്ദ്രന്റെ പോക്കറ്റിലുണ്ടായിരുന്ന 1000 രൂപയും കൈയില്‍ ധരിച്ചിരുന്ന ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചത്.
വിഷുദിനത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചന്ദ്രന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. വൃക്കരോഗിയായ ചന്ദ്രന്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം അവശനിലയിലാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ഇവിടെ നിന്നും വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞ് മുഹമ്മദ് ഓട്ടോറിക്ഷ വിളിച്ച് പ്ലാത്തോട്ടത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. പ്ലാത്തോട്ടത്തെ രണ്ട് മതിലുകള്‍ക്കിടയില്‍ ഇരുത്തി സാധനങ്ങള്‍ മുഴുവന്‍ കവര്‍ന്ന ശേഷം അവശനായ ചന്ദ്രനെ അവിടെ ഉപേക്ഷിച്ച് മുഹമ്മദ് രക്ഷപ്പെട്ടു. അവിടെ വെച്ചാണ് ചന്ദ്രന്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തളിപ്പറമ്പില്‍വച്ചാണ് പ്രതിയെ പിടികൂടിയത്. അഡീഷണല്‍ എസ്.ഐ പി. വിജയന്‍, സീനിയര്‍ സി.പി.ഒ എ.ജി അബ്ദുല്‍ റൗഫ് എന്നിവരും പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയുടെ പേരില്‍ കവര്‍ച്ചക്കും നരഹത്യക്കും തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മുഹമ്മദിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."