HOME
DETAILS

വീടു കൈയേറ്റം ഒരു ബദല്‍ വഴി

  
backup
August 20 2020 | 23:08 PM

house-880271-2020

 


കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയനുസരിച്ച് വടക്കാഞ്ചേരിയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തെച്ചൊല്ലി വിവാദങ്ങള്‍ അനുദിനം കൊഴുത്തുവരികയാണ്. റെഡ് ക്രസന്റ് നല്‍കുന്ന സഹായമുപയോഗിച്ചു നടത്തുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ ഉടനീളം അഴിമതിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ധാരണാ പത്രത്തിലെ പിഴവുകള്‍, നിര്‍മാണച്ചുമതല ഹാബിറ്റാറ്റില്‍നിന്ന് എടുത്തു മാറ്റി യൂണിടാക്കിനെ ഏല്‍പ്പിച്ചതിലെ ദുരൂഹത, ഇടപാടിലെ സുതാര്യതയില്ലായ്മയും സ്വപ്ന സുരേഷ് എന്ന സ്വര്‍ണക്കടത്തു കേസിലെ ആരോപണ വിധേയയുടെ ലോക്കറില്‍ നിന്ന് കിട്ടിയ കമ്മിഷനാണെന്ന് പറയപ്പെട്ടന്ന ഒരു കോടി രൂപയും - ഇങ്ങനെ സാമാന്യ ജനത്തിന് കേട്ടിരിക്കാന്‍ ഹരം കിട്ടുന്ന തരത്തിലാണ് ചര്‍ച്ചകളുടെ പോക്ക്. ഈ ചൂടന്‍ സംവാദ വിവാദ ശബ്ദ കോലാഹലങ്ങള്‍ക്കെല്ലാറ്റിനുമിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന സംഗതിയാണ് ഭവനരഹിതരായ പാവം മനുഷ്യര്‍ക്കു നല്‍കപ്പെടുന്ന സഹായത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകള്‍. ഭവനരഹിതരായ നൂറുകണക്കിന് ആളുകള്‍ക്ക് തലചായ്ക്കാനിടം കൊടുക്കുന്നതിനെ എതിര്‍ക്കണോ കൂട്ടരേ എന്നാണ് സര്‍ക്കാര്‍ ഭാഗത്ത് അണിനിരക്കുന്നവരുടെ ഹൃദയഭേദകമായ ചോദ്യം. മുകളിലാകാശവും താഴെ ഭൂമിയുമായി നരകിച്ചു ജീവിക്കുന്ന നിരാശ്രയര്‍ക്കു വേണ്ടിയുള്ള സഹായ പദ്ധതിയില്‍ അഴിമതി കാട്ടണോ എന്നാണ് അതേ നെഞ്ചുരുക്കത്തോടെ തന്നെ പ്രതിപക്ഷത്തിന്റെ മറു ചോദ്യം. രണ്ടു കൂട്ടരും തലചായ്ക്കാനിടമില്ലാത്തവരുടെ ഭാഗത്ത് നില്‍ക്കുന്നവരാണ്. വീടില്ലാത്തവരുടെ പ്രയാസങ്ങള്‍ കണ്ടറിയുന്നവരാണ്. അവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാന്‍ ബദ്ധശ്രദ്ധരാണ്.

ആഗോള പ്രശ്‌നം


ഭവനരഹിതരായ ആളുകള്‍ അനുഭവിക്കുന്ന ദൈന്യതകള്‍ ആഗോളതലത്തില്‍ ഗുരുതരമായ സാമൂഹ്യ പ്രശ്‌നമാണ്. അതുളവാക്കുന്ന നൈതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ മതിയായ ഗൗരവത്തോടെ അഭിമുഖീകരിക്കപ്പെടുന്നുമുണ്ട്. ഇന്ത്യയും ഇതില്‍നിന്ന് ഒഴിവല്ല. നഗരവല്‍ക്കരണത്തിന്റെ ഗതിവേഗം വര്‍ധിച്ചതോടെ പാര്‍പ്പിടമില്ലായ്മയുടെ പ്രശ്‌നങ്ങളും വര്‍ധിച്ചു. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ തൊഴില്‍ തേടി നഗരങ്ങളിലേക്കിറങ്ങി. അവര്‍ക്ക് പാര്‍ക്കാന്‍ ഇടം വേണ്ടേ. അങ്ങനെയാണ് അനധികൃത താമസക്കാര്‍ തിങ്ങിനിറഞ്ഞ ചേരികള്‍ നഗരങ്ങളില്‍ മുളച്ചുവന്നതും പൊതുനിരത്തുകളിലും പാലങ്ങള്‍ക്കടിയിലും പൈപ്പുകള്‍ക്കുള്ളിലും മറ്റും ജനങ്ങള്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നതും. ഈ സാഹചര്യത്തില്‍ പാര്‍പ്പിടമില്ലാത്തവര്‍ക്ക് താമസിക്കാന്‍ സ്ഥലമുണ്ടാക്കിക്കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നു മാത്രം പറഞ്ഞാല്‍ പോരാ, മുന്‍ഗണനാ വിഷയം കൂടിയാണ്.


കേരളവും ഈ പ്രശ്‌നത്തില്‍നിന്ന് വിമുക്തമല്ല. ഭവനരഹിതരായ ആളുകളുടെ പ്രശ്‌നങ്ങള്‍ നഗര കേന്ദ്രീകൃതം മാത്രമല്ലതാനും. കേരളത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 12 ലക്ഷത്തോളം വീടില്ലാത്തവരുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നു, ചുമരില്ലാത്ത വീടുകളും പ്ലാസ്റ്റിക് തുണി വലിച്ചു കെട്ടിയതും താര്‍പായ കൊണ്ട് മേലാപ്പിട്ടതുമായ വീടുകളും ധാരാളം. കേരളത്തില്‍ വീടില്ലാത്തവരുടെ എണ്ണം അടുത്ത കാലത്ത് പേടിപ്പിക്കുന്ന തരത്തില്‍ കൂടിയിട്ടുണ്ട്. 2001 ലെ സെന്‍സസില്‍നിന്ന് 2011 ലെ സെന്‍സസിലേക്കെത്തുമ്പോള്‍ ഇത് 27 ശതമാനം വര്‍ധിച്ചുവത്രേ. ഇനി 2021 ലെ സെന്‍സസ് വരുമ്പോഴേക്കും അത് കുറേക്കൂടി അപകടകരമായ അവസ്ഥയില്‍ എത്താനാണ് സാധ്യത.


ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരുകള്‍ അതാതു കാലത്ത് തികഞ്ഞ താല്‍പര്യത്തോടെ ശ്രമിച്ചിട്ടുണ്ട്. തലചായ്ക്കാനിടമില്ലാതെ കാട്ടിലും പാറമടകളിലും കഴിയുന്ന ആദിവാസികള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാന്‍ പണ്ടേയുണ്ട് സര്‍ക്കാര്‍ പദ്ധതികള്‍. ലക്ഷം വീട് പദ്ധതി ഒരു മികച്ച പദ്ധതിയാണ്. 1967ല്‍ സപ്തമുന്നണി ഭരണകാലത്ത് എം.എന്‍ ഗോവിന്ദന്‍ നായരുടെ തലച്ചോറില്‍ മുളപൊട്ടിയ പദ്ധതിയാണത്. ഇന്ദിരാ ആവാസ് യോജന, ഇ.എം.എസ് പാര്‍പ്പിട പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ ഒട്ടനേകം ഭവന നിര്‍മാണ പദ്ധതികള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പില്‍ വരുത്തുന്നത് വീടില്ലാത്തവരുടെ പ്രശ്‌നം ഗൗരവത്തിലെടുത്തു കൊണ്ടാണ്. സര്‍ക്കാര്‍ മാത്രമല്ല സന്നദ്ധസംഘടനകളും തലചായ്ക്കാനിടയില്ലാത്തവര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന വിഷയത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ബൈത്തു റഹ്മ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ വ്യാപകമായി കേരളത്തിലുടനീളം വീടില്ലാത്തവര്‍ക്ക് വീട് പണിത് പോരുന്നു. അതായത് താമസിക്കാന്‍ ഇടമില്ലാത്ത ആളുകള്‍ രാജ്യത്തും സംസ്ഥാനത്തും അതിപ്രധാനമായ ഒരു സാമൂഹ്യ പ്രശ്‌നത്തിന്റെ ഇരകളാണ്.

വൈരുധ്യങ്ങള്‍


അതേസമയം ഒരു വശത്ത് ഭവനരഹിതരായ ആളുകളുടെ എണ്ണം പെരുകുന്നതിനോടൊപ്പം മറുവശത്ത് അടച്ചിട്ട വീടുകളുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുന്നു എന്നത് കൗതുകകരമാണ്. ഉപയോഗിക്കപ്പെടാത്ത വീടുകളുടെ വര്‍ധന ഒരു സാമൂഹ്യ പ്രശ്‌നമായി പലരും എടുത്തു കാണിക്കാറുണ്ട്. ഈ വീടുകളുടെ നിര്‍മാണത്തിനു വേണ്ടി ചെലവഴിക്കുന്ന പണം, അതു മൂലം വെറുതെയായിപ്പോകുന്ന സാമ്പത്തികോര്‍ജം തുടങ്ങിയവ ചര്‍ച്ചാ വിഷയമാണ്. 2011 ലെ സെന്‍സസ്പ്രകാരം ഒരുപാടു കാലമായി അടച്ചിടപ്പെട്ട വീടുകള്‍ കേരളത്തില്‍ പന്ത്രണ്ട് ലക്ഷത്തോളം വരും. കേരളത്തിലെ മൊത്തം കെട്ടിടങ്ങളുടെ പതിനൊന്ന് ശതമാനം വരും. ( ഭവനരഹിതരായ ആളുകളുടെ എണ്ണവും പന്ത്രണ്ട് ലക്ഷത്തോളം തന്നെ) ഈ വീടുകളില്‍ വലിയൊരു ശതമാനം വലിയ വീടുകളാണ്. നിരവധി പേര്‍ വീടില്ലാതെ കഴിയുമ്പോള്‍ വീട് വെറുതെയിടുന്നവരും നിരവധി. ഇത് കേവലമായ കൗതുകമോ തള്ളിക്കളയാവുന്ന വൈരുധ്യമോ അല്ല. മറിച്ച് നമുക്കിടയില്‍ നിലനില്‍ക്കുന്ന സാമൂഹ്യമായ അസമത്വത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. ഇരുകൂട്ടരും രണ്ടു സാമൂഹ്യാവസ്ഥകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വീടില്ലാത്തവരുടെ പ്രശ്‌നങ്ങളും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും രണ്ടു തലത്തില്‍ വര്‍ത്തിക്കുകയാണ്. കേരളീയ സമൂഹം സര്‍ക്കാരായാലും രാഷ്ട്രീയപ്പാര്‍ട്ടികളായാലും എന്‍.ജി.ഒകളായാലും അവയെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നില്ല. വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കിക്കൊടുത്ത് പരിഹരിക്കാവുന്നതുമല്ല ഈ അസന്തുലിതാവസ്ഥ.


എന്നാല്‍, വികസിത സമൂഹങ്ങളില്‍ ഈ പ്രശ്‌നത്തോട് മറ്റൊരു രീതിയില്‍ പ്രതികരിക്കുന്നു എന്നറിയുന്നത് കൗതുകകരമായിരിക്കും. അത് ഒരു ബദല്‍ വഴിയാണ്. സ്‌ക്വാട്ടര്‍ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഈ ബദല്‍ വഴിയുടെ ഉപജ്ഞാതാക്കള്‍ പ്രധാനമായും അരാജകവാദികളും മാര്‍ക്‌സിസ്റ്റുകളും കലാകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റുമാണ്. ദീര്‍ഘകാലമായി ഉപയോഗത്തിലില്ലാത്ത വീടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ സ്വയം ഏറ്റെടുത്ത് അവിടെ കൂട്ടം ചേര്‍ന്ന് താമസിക്കുക എന്നതാണ് സ്‌ക്വാട്ടര്‍ പ്രസ്ഥാനത്തിന്റെ രീതി. പ്രയോഗത്തില്‍ ഇത് കൈയേറ്റമാണ്. പക്ഷേ, തത്വത്തില്‍ അത് കൂട്ടായ്മയില്‍ അധിഷ്ഠിതമായ സഹജീവിതമാണ്. സ്വകാര്യ വ്യക്തികള്‍ വെറുതെയിടുന്ന സ്വത്ത് സമൂഹത്തിന്റെ പൊതു ആസ്തിയാണെന്ന തത്വമാണ് സ്‌ക്വാട്ടര്‍ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നത്.

സ്‌ക്വാട്ടര്‍ പൊതുജീവിതത്തില്‍


സ്‌ക്വാട്ടര്‍ എന്ന വാക്കിന്റെ നിഘണ്ടു അര്‍ഥം ആള്‍ത്താമസമില്ലാത്ത കെട്ടിടമോ ഉപയോഗിക്കാത്ത ഭൂമിയോ നിയമവിരുദ്ധമായി കൈയേറി കൈവശപ്പെടുത്തുക എന്നാണ്. വ്യവസായവല്‍കൃത പടിഞ്ഞാറന്‍ നാടുകളില്‍ മാത്രമല്ല ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലുമെല്ലാം സ്‌ക്വാറ്റിങ് പ്രബലമാണ്. മുംബൈയില്‍ താമസിക്കാന്‍ സ്ഥലമില്ലാത്ത ആളുകള്‍ നിരത്തുകള്‍ കൈയേറി രാത്രിയുറക്കത്തിനു ഉപയോഗിക്കുന്നതും ഇതര മഹാനഗരങ്ങളില്‍ ഒഴിഞ്ഞ സര്‍ക്കാര്‍ സ്ഥലങ്ങള്‍ കൈയേറി കുടിലുകളുണ്ടാക്കുന്നതും സ്‌ക്വാറ്റിങ് തന്നെ. ഇത്തരം അനധികൃത താമസക്കാരെ കാലാകാലങ്ങളില്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാരുകള്‍ ഒഴിപ്പിക്കാറുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ജഗ്‌മോഹന്റെ നേതൃത്വത്തില്‍ ബുള്‍ഡോസറുപയോഗിച്ച് ചേരികള്‍ തകര്‍ത്തപ്പോള്‍ സംഭവിച്ചത് സ്‌ക്വാറ്റിങ്ങിനെതിരായ നിയമനടപടിയാണ്. പൗരാവകാശ പ്രസ്ഥാനങ്ങള്‍ ആഗോളതലത്തില്‍ ഇത്തരം ഒഴിപ്പിക്കലുകളെ എതിര്‍ക്കുന്നു. ആഗോളതലത്തില്‍ ഒരു ബില്യന്‍ വരും ഇത്തരം കൈയേറ്റക്കാര്‍ എന്നാണ് 2004 ല്‍ റോബര്‍ട്ട് ന്യൂ വിര്‍ത്ത് എന്ന സാമൂഹ്യചിന്തകന്‍ അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ അതില്‍ വളരെ അധികമായിട്ടുണ്ടാവും. ഇത്തരം കൈയേറ്റക്കാര്‍ക്ക് ഇന്ത്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമെല്ലാം സംഘടനകളുണ്ട്. സ്ലം ഡ്വല്ലേര്‍സ് ഇന്റര്‍നാഷനല്‍, ഹോം ലസ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റ്, ലാന്‍ഡ് ലസ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റ് തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍. അര്‍ജന്റീനയിലെ വിയ്യാ മിസേറിയ, പെറുവിലെ പ്യൂവ്‌ലോ സ് ഹോ വെനസ്, ചിലിയിലേയും സ്‌പെയിനാലേയും ഒക്കു പാസ്, ഗ്വാട്ടിമലയിലേയും ഉറുഗ്വേയിലേയും അസന്‍ റാമിയെ റോസ് ഇറെ ഗുലാരെ സ് തുടങ്ങിയവ സ്‌ക്വാട്ടര്‍ സംഘടനകളാണ്. പേരുകളുടെ അര്‍ഥവിവക്ഷകള്‍ തെരയുമ്പോള്‍ ദാരിദ്ര്യത്തിന്റെയും അധഃസ്ഥിതത്വത്തിന്റെയും സൂചനകള്‍ കാണാം. അവ അഭിവ്യഞ്ജിപ്പിക്കുന്നത് പോലെ ഇത് സാമൂഹ്യാസമത്വത്തിനെതിരായുള്ള പ്രതിഷേധ സ്വരങ്ങള്‍ തന്നെയാണ്, വെറും കൈയേറ്റങ്ങളല്ല.


2050 ആകുമ്പോള്‍ അനധികൃതകൈയേറ്റക്കാര്‍ ഒരു പ്രസ്ഥാനമെന്നനിലയില്‍ മൂന്ന് ബില്യനാവുമെന്നാണ് അനുമാനം. ഇന്ത്യയില്‍ മുംബൈയിലെ പന്ത്രണ്ട് ദശലക്ഷം താമസക്കാരില്‍ ആറ് ദശലക്ഷം പേര്‍ കൈയേറ്റക്കാരാണെന്നാണ് പറയുന്നത്. ഗീതാ നഗറും ധാരാവിയും മലാഡ് എസ്‌റ്റേറ്റുമെല്ലാം കൈയേറ്റ ഭൂമികള്‍ തന്നെ. ഡല്‍ഹി, കൊല്‍ക്കൊത്ത തുടങ്ങിയ മഹാനഗരങ്ങളിലെ അനധികൃത കൈയേറ്റക്കാര്‍ക്കെല്ലാം ഇങ്ങനെ നോക്കുമ്പോള്‍ പ്രത്യയശാസ്ത്ര പിന്‍ബലമുണ്ട്. കോപന്‍ഹാഗനിലെ ഉംഗ്ഡം ഹുസറ്റ്, ന്യൂയോര്‍ക്കിലെ അംബ്രല്ലാ ഹൗസ് തുടങ്ങിയ സ്‌ക്വാട്ടര്‍ സെറ്റില്‍മെന്റുകള്‍ പില്‍ക്കാലത്ത് മികച്ച സഹകരണ സംരംഭങ്ങളായി മാറി. പലതും ഭരണകൂടങ്ങളാല്‍ തകര്‍ക്കപ്പെട്ടുവെങ്കിലും ചിലയിടങ്ങള്‍ ഇത്തരം കൂട്ടായ്മകള്‍ പ്രതിഷേധ ജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട് സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങള്‍ വെറും ആദിവാസി, ദലിത് സമരങ്ങളായല്ല, സ്‌ക്വാറ്റിങ്ങിന്റെ ബദല്‍ വഴികളായാണ് അടയാളപ്പെടുത്തേണ്ടത്.

ഗറില്ലാ ഫാമിങ്


ഇതിനോട് ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ഗറില്ലാ ഫാമിങ്. തരിശായി കിടക്കുന്ന ഭൂമി കൈയേറി കൃഷി ചെയ്യുന്ന രീതിയാണത്. ഈ ആക്ടിവിസ്റ്റ് കൃഷിരീതിക്ക് ഗറില്ലാ ഫാമിങ് എന്ന് പേരിട്ടത് ന്യൂയോര്‍ക്കിലെ ലിസ് ക്രിസ്റ്റിയാണ്. ന്യൂയോര്‍ക്കിലെ ബൂവറി ഹൂസ്റ്റണ്‍ ഏരിയയില്‍ 1973ല്‍ അവരുടെ ഗ്രീന്‍ ഗറില്ലാ ഗ്രൂപ്പ് വെറുതെകിടന്ന കുറേയേറെ സ്വകാര്യ സ്ഥലം കൃഷിത്തോട്ടമാക്കി. യൂറോപ്പിലും അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും ഗറില്ലാ ഫാമിങ് സാര്‍വത്രികമാണ്. ഇങ്ങനെ കൃഷി ചെയ്യുന്ന ഭൂമിയിലെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന മേളകളും മറ്റും പലേടത്തുമുണ്ട്. ഹരിത ആക്ടിവിസവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഒട്ടു മുക്കാലും ഗറില്ലാ ഫാമിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരിഞ്ച് ഭൂമി പോലും തരിശിടരുതെന്നാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. തരിശു ഭൂമിയില്‍ കടന്നുകയറി കൃഷി ചെയ്യാന്‍ ഉടമയുടെ സമ്മതം വേണ്ട. ഗറില്ലാ ഫാമിങ്ങിനെ കേരളത്തില്‍ അടുത്ത കാലത്തായി നടന്നുവരുന്ന കാര്‍ഷികവൃത്തിയുമായി ചേര്‍ത്തുവച്ച് വായിക്കുന്നത് കൗതുകകരമാണ്. യുവജനസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും റെസിഡന്‍സ് അസോസിയേഷനുകളുമെല്ലാം തരിശു ഭൂമി കണ്ടെത്തി കൃഷി ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. കൃഷിമന്ത്രി സുനില്‍കുമാര്‍ ഒരിഞ്ചു ഭൂമി പോലും കൃഷി ചെയ്യാത്തതായി ഉണ്ടാവാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ സി.പി.ഐയുടെ യുവജന വിഭാഗം ഈ രംഗത്ത് സജീവവുമാണ്. ഇത്തരമൊരു മുന്നേറ്റത്തിന് ആക്ടിവിസ്റ്റ് തലം കൂടിയുണ്ടെങ്കില്‍ അത് ഗറില്ലാ കൃഷിരീതിയായി. അത്രേയുള്ളൂ.


ഇത്തരം ബദല്‍ മാര്‍ഗങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് സാമൂഹ്യമായ അസന്തുലിതാവസ്ഥയിലേക്കാണ്. അംബാനിക്ക് 27 നിലയുള്ള വീട്, തൊഴിലാളിക്ക് ധാരാവി കോളനിയിലെ ചെറ്റപ്പുര - ഈ അസന്തുലിതത്വത്തില്‍ നിന്നാണ് സ്‌ക്വാട്ടര്‍ പ്രസ്ഥാനത്തിന്റെ പിറവി. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സാമൂഹ്യ സ്ഥാപനങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ നിയമലംഘന പ്രസ്ഥാനങ്ങള്‍ ഉയിര്‍ത്തുവരുമെന്നാണ് ഇത്തരം ആക്ടിവിസങ്ങള്‍ നല്‍കുന്ന പാഠം. മിക്കപ്പോഴും അത് ഗുണാത്മകവുമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  7 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  34 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  35 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  38 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago