കാറ്റില്‍നിന്ന് വൈദ്യുതി സാധ്യതകളേറെ; പക്ഷെ പദ്ധതികളില്ല
പാലക്കാട്: ലോകത്താകമാനം പുനരുല്‍പാദിപ്പിക്കാന്‍ പറ്റുന്ന ഊര്‍ജ സ്രോദസുകളുടെ ഉപയോഗം വര്‍ധിച്ചുവരുമ്പോഴും കേരളം ഇപ്പോളും കൂടുതലായി ആശ്രയിക്കുന്നത് ജലവൈദ്യുതി പദ്ധതികളെ. ഒരു ദേശീയ പുനരുല്‍പാദന ഊര്‍ജദിനം കൂടി കടന്നു പോയിട്ടും കാറ്റില്‍നിന്നും സൂര്യനില്‍നിന്നും ഊര്‍ജോല്‍പാദനം നടത്തി സുസ്ഥിരവികസനം കൈവരിക്കുന്നതിനായി പുതിയ പദ്ധതികളൊന്നും കണ്ടെത്തുന്നില്ലെന്നത് ഭാവിയില്‍ സംസ്ഥാനത്തെ വീണ്ടും പുറകിലാക്കും. നിലവില്‍ പാലക്കാട്ടെ കഞ്ചിക്കോട് (26.43 മെഗാവാട്ട്), അഗളി (18.6), വേലന്താവളം (10), ഇടുക്കിയിലെ രാമക്കല്‍മേട് (15.25) എന്നിവിടങ്ങളിലാണ് കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
സെക്കന്റില്‍ മൂന്നു മീറ്റര്‍ ശക്തിയില്‍ കാറ്റുണ്ടെങ്കില്‍ കാറ്റാടികളില്‍നിന്ന് വൈദ്യുതി ഉല്‍പാദനം തുടങ്ങാനാകും. കെ.എസ്.ഇ.ബി നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന ഇരുപതില്‍പരം സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട്ടെ കഞ്ചിക്കോട്, കോട്ടമല, കോട്ടത്തറ, നല്ലസിംഗ, തോളന്നൂര്‍, ഇടുക്കിയിലെ കൈലാസമേട്, കോലാഹലമേട്, കളത്തുമേട്, കുട്ടിക്കാനം, പഞ്ചാലിമേട്, സേനാപതി, സക്കുളത്തിമേടി, പുഷ്പഗിരി എന്നിവിടങ്ങളാണ് കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍. ഇവിടെ സെക്കന്റില്‍ മൂന്ന് മീറ്റര്‍ ശക്തിയില്‍ കാറ്റടിക്കുന്നുണ്ട്.
അട്ടപ്പാടി മേഖലയില്‍ കാറ്റ്, സൗരോര്‍ജം എന്നിവയില്‍നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അനുകൂല കാലാവസ്ഥയാണുള്ളതെന്നും കെ.എസ്.ഇ.ബി നടത്തിയ പഠനത്തില്‍ത്തന്നെ പറയുന്നുണ്ട്. പൂവാറിലും തുടര്‍ന്നു കടല്‍ത്തീരങ്ങളിലും കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ചെറുകിട പദ്ധതി(ബ്രീസ് മില്‍)കള്‍ക്കും അനുയോജ്യമാണെന്നതും കെ.എസ്.ഇ.ബി പഠനത്തിലുണ്ട്. സംസ്ഥാനത്ത് കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദനം ചെലവേറിയതാണെന്നും കഞ്ചിക്കോട് ഒഴികെ മറ്റെല്ലാ സാധ്യതാ പ്രദേശങ്ങളും പശ്ചിമഘട്ടത്തിനരികിലാണെന്നതും ഈ പ്രദേശങ്ങളില്‍ കാറ്റാടിപ്പാടങ്ങള്‍ തുടങ്ങുന്നതിന് തടസമായി നില്‍ക്കുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."