മദ്യശാല തുറക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്; മദ്യവിരുദ്ധ സമരം അവസാനിപ്പിച്ചു
കൊയിലാണ്ടി: നടേരി മുത്താമ്പിയില്‍ പുളിക്കൂല്‍ കുന്നില്‍ ബിവജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരേയുള്ള പ്രതിരോധസമിതിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച പിന്നിട്ട രാപ്പകല്‍ സമരം അവസാനിച്ചു. തിരുവനന്തപുരത്തുവച്ച് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. എന്‍.എസ് വിഷ്ണു, ആര്‍.കെ അനില്‍കുമാര്‍ തുടങ്ങിയവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ജനവാസ മേഖലയായ ഇവിടെ മദ്യവില്‍പ്പനശാല ആരംഭിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കുകയായിരുന്നു. നേരത്തെ അടച്ചുപൂട്ടിയ ബിസ്‌കറ്റ് കമ്പനി കെട്ടിടമാണ് മദ്യശാലയ്ക്കായി തിരഞ്ഞെടുത്തത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. സമരത്തിനിടെ മദ്യം ഇറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മന്ത്രി രാമകൃഷ്ണന്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. മന്ത്രിയുടെ ജന്മനാടായ നടേരിക്കടുത്ത് നമ്പ്രത്ത്കര ഉള്‍ക്കൊള്ളുന്ന പ്രദേശം കൂടിയാണിത്. തിരുവനന്തപുരത്തുവച്ച് നടന്ന ചര്‍ച്ചയിലുണ്ടായ അനുകൂല തീരുമാനം ആഹ്ലാദത്തോടെയാണ് സമരസമിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എന്‍.എസ് വിഷ്ണു, പുതുക്കുടി നാരായണന്‍, അഖില്‍ പന്തലായനി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."