പട്ടംപറത്തല്‍ മേളക്ക് ഹരം പകരാന്‍ മൂസാ ഷെരീഫിന്റെ ബീച്ച് ഡ്രൈവ്
കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് അഞ്ചു മുതല്‍ ഏഴു വരെയായി പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മലബാര്‍ രാജ്യാന്തര പട്ടം പറത്തല്‍ മേളയില്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കാര്‍റാലി താരമായ മൂസ ഷെരീഫിന്റെ ബീച്ച് ഡ്രൈവ് കാണികള്‍ക്കു ഹരം പകരും.
ആറിനു രാവിലെ ഒന്‍പത് മുതല്‍ 12 വരെയും വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെയുമാണ് മൂസാ ഷെരീഫിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സ്‌പോട്ടിന്റെയും കെ എല്‍ 14 മോട്ടോര്‍ ക്ലബിന്റെയും മത്സരം നടത്തുന്നത്.
ഫോര്‍ വീല്‍, ടു വീല്‍ എന്നിവയുടെ 15 ഓളം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മലബാറിലെ ഏറ്റവും വലിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് ആണ് ബേക്കലില്‍ നടക്കുന്നത്. 250ല്‍ ഏറെ ദേശീയ-അന്തര്‍ ദേശീയ കാര്‍ റാലികളില്‍ പങ്കെടുത്ത മൂസ ഷരീഫ് നിരവധി തവണ ചാംപ്യന്‍ പട്ടം നേടിയിട്ടുണ്ട്. സുരുക്ഷിതമായ ഡ്രൈവിങ് സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലബാര്‍ കൈറ്റ് ഫെസ്റ്റില്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയതെന്നു പ്രോഗ്രാം ഡയറക്ടര്‍മാരായ അഷ്‌റഫ് കൊളവയലും ശുക്കൂര്‍ ബെസ്റ്റോയും അറിയിച്ചു. മൂന്നു ദിവസമായി നടക്കുന്ന കൈറ്റ് ഫെസ്റ്റ് ജില്ലയിലെ ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വ് നല്‍കും. എല്ലാ ദിവസവും വൈകീട്ട് മൂന്നു മുതല്‍ രാജ്യത്തിനകത്തെയും പുറത്തെയും പട്ടം പറത്തല്‍ വിദഗ്ധര്‍ വമ്പന്‍ പട്ടങ്ങള്‍ ബേക്കലിന്റെ വാനില്‍ പറത്തും. വൈകീട്ട് ആറു മുതല്‍ ഒന്‍പതു വരെ കേരളത്തിന്റെ തനതുകലാരൂപങ്ങളായ ശിങ്കാരി മേളം, കഥകളി, തിരുവാതിര, ഒപ്പന, കുച്ചിപ്പുടി, മാര്‍ഗംകളി, കോല്‍ക്കളി, ദഫ് ഫുട്ട് തുടങ്ങിയ നിരവധി കലാ പരിപാടികള്‍ നടക്കും.
റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ഗായകരുടെ ഗാനമേളയും സിനിമാറ്റിക് ഡാന്‍സും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ബി.ആര്‍.ഡി.സിയുടെയും പള്ളിക്കര സര്‍വിസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണു മലബാര്‍ കൈറ്റ് ഫെസ്റ്റ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."