നാവിക അക്കാദമി ജനങ്ങള്‍ക്കു ബാധ്യത: ഇ.പി ജയരാജന്‍
കണ്ണൂര്‍: മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ പ്രദേശത്തെ ജനങ്ങള്‍ക്കു ഏഴിമല നാവിക അക്കാദമി ബാധ്യതയായെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആസൂത്രണത്തില്‍ വരുന്ന പിഴവാണു നാവിക അക്കാദമിയിലും സംഭവിച്ചത്. മാലിന്യത്തിനെതിരേ ജനങ്ങള്‍ നടത്തുന്ന സമരം രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ചരിത്രപരമായും ഐതിഹ്യപരമായും ഏറേ സവിശേഷതകളുള്ള ഏഴിമലയില്‍ നാവിക അക്കാദമി വന്നില്ലെങ്കില്‍ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറുമായിരുന്നെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
ഉല്‍പാദന മേഖലയുടെ വളര്‍ച്ചയാണു വികസനത്തിന്റെ അടിസ്ഥാനം. ജില്ലയുടെ ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയും സവിശേഷതകളും മനസിലാക്കി കൃഷി, വ്യവസായം, വിനോദ സഞ്ചാര മേഖലകള്‍ എന്നിവയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ ആസൂത്രണ സമിതിയംഗം കെ.വി ഗോവിന്ദന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, കെ. ശോഭ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."