യു.പിയിലെ മദോര ഗ്രാമത്തില്‍ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. പുരുഷന്മാരുമായി ഫോണില്‍ സംസാരിക്കുന്നത് തടയുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്ന് 21,000 രൂപ പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വടക്കന്‍ മേഖലയിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന മദോര ഗ്രാമത്തിലാണ് ഇവിടത്തെ പഞ്ചായത്ത് ഈ തീട്ടൂരമിറക്കിയത്.
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലൊരു ഉത്തരവ് നടപ്പാക്കാന്‍ പഞ്ചായത്തിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്ന് പൊലിസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു. ഭരണഘടനാ വിരുദ്ധമായ തീരുമാനമാണിതെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടികളും അവിവാഹിതരായ സ്ത്രീകളും മൊബൈല്‍ ഫോണ്‍ കെണിയില്‍ അകപ്പെടാതിരിക്കാനാണ് പഞ്ചായത്ത് കൗണ്‍സില്‍ യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് പറയുന്നത്. എന്നാല്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനായി പൊലിസുള്ളപ്പോള്‍ അനധികൃതമായ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് പൊലിസ് സൂപ്രണ്ട് പറഞ്ഞു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് പഞ്ചായത്ത് കൗണ്‍സില്‍ എടുത്ത തീരുമാനം വിവാദത്തിന് വഴിവച്ചിരുന്നു. അതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."