വി.എസിന് ശമ്പളമായി
തിരുവനന്തപുരം: ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ശമ്പളക്കാര്യത്തില്‍ അവസാനം തീരുമാനമായി. മന്ത്രിമാര്‍ക്ക് തുല്ല്യമായ ശമ്പളം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകിട്ട് ഒപ്പുവച്ചു.
ചുമതലയേറ്റ് ഒമ്പത് മാസം കഴിയുമ്പോഴും വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ ശമ്പളം അനുവദിച്ചിട്ടില്ലെന്ന കാര്യം നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചത് വാര്‍ത്തയായപ്പോഴാണ് സര്‍ക്കാര്‍ നടപടി. വി.എസിന് ശമ്പളം, അലവന്‍സുകള്‍ തുടങ്ങി എന്തെല്ലാം സൗകര്യങ്ങളാണ് അനുവദിച്ചതെന്ന നിയമസഭയിലെ പ്രതിപക്ഷാംഗം റോജി എം. ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് ക്യാബിനറ്റ് പദവിയും സ്ഥാനവും നല്‍കിയിട്ടുണ്ടെന്നും വി.എസിന്റെ ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
ഇത് ചാനലുകളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് വി.എസിന് ശമ്പളമനുവദിച്ച് തീരുമാനമെടുത്തത്. നാലു മാസത്തിനിടയില്‍ ഈ കാര്യം ചൂണ്ടിക്കാട്ടി വി.എസിന്റെ ഓഫിസ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിട്ട് മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍ ഫയല്‍ മന്ത്രിസഭാ തീരുമാനവും കാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു. നിയമസഭയില്‍ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയതിനു ശേഷമാണ് മുഖ്യമന്ത്രി വിഷയം അന്വേഷിച്ചത്. തന്റെ ഓഫിസില്‍ തന്നെ ഫയല്‍ ഉണ്ടെന്നു കണ്ടെത്തിയ മുഖ്യമന്ത്രി വൈകിട്ടോടെ ഫയലില്‍ ഒപ്പിടുകയായിരുന്നു. ഇതോടെ വി.എസിന് കാബിനറ്റ് പദവിക്ക് തുല്യമായ ശമ്പളം ലഭിക്കും.
2016 ഓഗസ്റ്റ് 18നാണ് വി.എസ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. ഇതോടെ എം.എല്‍.എ എന്ന നിലയില്‍ വി.എസിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതായി. ക്യാബിനറ്റ് റാങ്ക് ഉണ്ടെന്നതിനാല്‍ മന്ത്രിമാര്‍ക്കുള്ള ശമ്പളമാണ് വി.എസിന് നല്‍കേണ്ടത്. ടി.എയും മറ്റ് ആനുകൂല്യങ്ങളും മന്ത്രിമാര്‍ക്ക് നല്‍കുന്നത് പോലെ നല്‍കുകയും ചെയ്യണം. ഇതിനു മന്ത്രിസഭയില്‍ തീരുമാനിച്ച് ഉത്തരവിറങ്ങണം. പൊതുഭരണ വകുപ്പ് മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഫയല്‍ മുഖ്യമന്ത്രിയ്ക്ക് അയച്ചിരുന്നു.
ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി നായര്‍, നീല ഗംഗാധരനുമാണ് കമ്മിഷനില്‍ ഉള്ളത്. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഈ അടുത്ത കാലത്താണ് ശമ്പള സ്‌കെയിലും മറ്റ് കാര്യങ്ങളും അനുവദിച്ച് ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."