ജീവനക്കാരുടെ നിസഹകരണം ലൈഫ് മിഷന്‍ പദ്ധതി താളംതെറ്റി
കാസര്‍കോട്: വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ താമസസ്ഥലം ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനം താളംതെറ്റി. കൃഷി വകുപ്പ് ഉദ്യേഗസ്ഥരുടെ നിസ്സഹകരണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് സര്‍വേ പ്രവര്‍ത്തനം താളം തെറ്റിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകിട്ടിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉപയോഗിച്ചാണ് നിലവില്‍ സര്‍വേ പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെ സര്‍വേക്ക് നിയോഗിക്കേണ്ടതില്ലെന്ന ഉത്തരവ് കൃഷി വകുപ്പ് ഇറക്കിയതിനെ തുടര്‍ന്ന് സര്‍വേ പ്രവര്‍ത്തനത്തില്‍ ഇതേവരെ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളായിട്ടില്ല. ഇതോടെ മിക്ക ജില്ലകളിലും സര്‍വേ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ കൃഷി അസിസ്റ്റന്റുമാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഫീല്‍ഡ് ഓഫിസര്‍മാരെ ഉപയോഗിച്ചാണ് ലൈഫ് പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനം നടത്തുന്നത്.
എന്നാല്‍ സര്‍വേ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകേണ്ടെന്നും വകുപ്പിന്റെ കീഴില്‍ വരുന്ന ജോലികള്‍ മാത്രം കൃഷി വകുപ്പിലെ ജീവനക്കാര്‍ ചെയ്താല്‍ മതിയെന്നുമാണ് ജില്ലാ ഓഫിസര്‍മാര്‍ താഴോട്ട് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഈ ഉത്തരവിന്റെ ബലത്തില്‍ ഇതേവരെ കൃഷി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സര്‍വേ പ്രവര്‍ത്തനത്തില്‍ സഹകരിച്ചു തുടങ്ങിയിട്ടില്ല. ഈ മാസം 15ന് മുന്‍പ് എല്ലാ ജില്ലകളിലും സര്‍വേ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൃഷി വകുപ്പ് ജീവനക്കാരുടെ നിസ്സഹകരണത്തില്‍ ഈ കാലപരിധിക്കുള്ളില്‍ സര്‍വേ പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ്.
കൃഷി വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയാലും തദ്ദേശ സ്വയംഭരണ വകുപ്പിന് വിട്ടുകിട്ടിയ സ്ഥാപനമെന്ന നിലയില്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്കാണ് കൂടുതല്‍ അധികാരം. പഞ്ചായത്ത് പ്രസിഡന്റുമാര്‍ കൃഷി വകുപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു ജില്ലാ കലക്ടര്‍മാര്‍ കൃഷി വകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മിക്ക ജില്ലകളിലും കൃഷി വകുപ്പ് ജീവനക്കാര്‍ ഈ നിര്‍ദേശത്തെയും ഗൗനിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൃഷി വകുപ്പ് ജീവനക്കാര്‍ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായില്ലെങ്കില്‍ ലൈഫ് മിഷന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എളുപ്പമാവില്ല.
ഇടതു സര്‍ക്കാരിന്റെ മികച്ച പദ്ധതികളിലെന്നായ ലൈഫ് മിഷന്‍ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിന് തടസമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം തദ്ദേശ വകുപ്പില്‍ ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."