മുല്ലപ്പെരിയാര്‍: അറ്റകുറ്റപ്പണിക്ക് കേരളം തടസം നില്‍ക്കുന്നുവെന്ന് തമിഴ്‌നാട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച തമിഴ്‌നാടിന്റെ ഹരജിയില്‍ കേരളത്തിന് സുപ്രിംകോടതി നോട്ടിസയച്ചു. തമിഴ്‌നാടിന്റെ ആരോപണം സംബന്ധിച്ചു ഒരുമാസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് നോട്ടിസയച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തി ജലനിരപ്പുയര്‍ത്താന്‍ കേരളം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ ഹരജി നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച് നിലവിലെ കരാര്‍ പ്രകാരം കേരളത്തിന്റെ അനുവാദത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് അവകാശമുണ്ടെങ്കിലും ഇത് ചെയ്യാനും കേരളം തടസംനില്‍ക്കുന്നു. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍പോലും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്നും തമിഴ്‌നാട് ഹരജിയില്‍ ആരോപിച്ചിരുന്നു. 2014 മെയ് ഏഴിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
ഇക്കാര്യത്തില്‍ ഉത്തരവ് വേഗത്തില്‍ നടപ്പാക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തിയതിനു ശേഷം ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനാണ് തമിഴ്‌നാടിന്റെ പദ്ധതി. കേസ് വേനലവധി കഴിഞ്ഞു ജൂണില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."