പ്രസിദ്ധീകരിച്ച കഥ മോഷ്ടിച്ചതായി പരാതി
പൂനൂര്: ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലെ മലയാളം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയതും ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കഥ മോഷടിച്ചതായി പരാതി. എകരൂല്‍ സ്വദേശിയായ ഹഖ് ഇയ്യാടാണ് പരാതിയുമായി രംഗത്തെത്തിയത്.
കഥ ഹ്രസ്വചിത്രമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മറ്റൊരാള്‍ തന്റെ കഥ ഹ്രസ്വ ചിത്രമാക്കിയ വിവരം ഇദ്ദേഹം അറിയുന്നത്. ചിത്രത്തിന്റെ തിരക്കഥാരൂപം തയാറാക്കി ഷൂട്ടിങ് ആരംഭിക്കാനാരിക്കെയാണ് 'സിഗ്നല്‍' എന്ന പേരില്‍ ചിത്രം പുറത്തിറങ്ങുന്നത്. വിന്‍സെന്റ് ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വിജയ് ബാബുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
2014ലാണ് ഹഖിന്റെ 'മുന്തിയ ഇനം' എന്ന കഥ പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടുതള്ളുന്ന മക്കള്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നതായിരുന്നു കഥ. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന് അതോറിറ്റി പുറത്തിറക്കിയ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ ഒന്നാം വര്‍ഷ മലയാളം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്സിലേക്ക് കഥ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായിരുന്നെന്ന് ഹഖ് ഇയ്യാട് പറയുന്നു. പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത തന്റെ കഥ ഇത്തരത്തില്‍ മോഷണം നടത്തിയത് ശരിയായില്ലെന്നും തന്നെപ്പോലെയുള്ള എളിയ കലാകാരന്മാരെ ഇത്തരത്തില്‍ ചതിക്കരുതെന്നും ഹഖ് 'സുപ്രഭാതത്തോട് ' പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."