പത്തുലക്ഷം ഫണ്ട് ലഭിച്ചു: സ്ഥലമില്ലാത്തതിനാല്‍ കെട്ടിട നിര്‍മാണം തടസപ്പെട്ടു
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് ബദല്‍ സ്കൂളിന് എം.പി ഫണ്ടില്‍നിന്നു പുതിയ കെട്ടിടം നിര്‍മിക്കാന്‍ പത്തുലക്ഷം രൂപ ലഭിച്ചിട്ടും സ്ഥലമില്ലാത്തതിനാല്‍ കെട്ടിടം നിര്‍മിക്കാനാവില്ലെന്ന നിലപാടില്‍ അധികൃതര്‍.
വര്‍ഷങ്ങളായി ആദിവാസികള്‍ സൗജന്യമായി നല്കിയ സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് ബദല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം നല്‍കാമെന്ന് കാണിച്ച് കോളനിയിലെ ബാലന്റെ കുടുംബം മുദ്രപേപ്പറില്‍ ബദല്‍ സ്കൂള്‍ അധ്യാപികക്ക് രേഖാമൂലം എഴുതി നല്‍കുകയും ഇതിന്റെ പകര്‍പ്പ് ഡി.ഡി.ഇ, എ.ഇ എന്നിവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ കോളനിയിലെ ഭൂമിക്ക് രേഖയില്ലെന്നും നികുതി സ്വീകരിക്കുന്നില്ലെന്നും അതിനാല്‍ ഈ സ്ഥലത്ത് എം.പി ഫണ്ടുപയോഗിച്ച് കെട്ടിടം നിര്‍മിക്കാന്‍ ആവില്ലെന്നുമുള്ള നിലപാടിലാണ് അധികൃതര്‍. നിലവിലുള്ള ഷെഡ് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലായതിനാല്‍ സമീപത്തെ ഒരുവീട്ടിലേക്ക് താല്‍ക്കാലികമായി ബദല്‍സ്കൂള്‍ മാറ്റിയിരിക്കുകയാണ്. പതിനഞ്ചിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബദല്‍സ്കൂള്‍ പഠന നിലവാരത്തിലും ഏറെ മുന്‍പന്തിയിലാണ്.
നൂലാമാലകള്‍ ഒഴിവാക്കി ബദല്‍സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്നാണ് കോളനി വാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."